തിരുനെല്ലിയില്‍ അഞ്ചംഗ സായുധസംഘമെത്തി
മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഒരു വനിത ഉള്‍പെടെയുള്ള അഞ്ചംഗ സായുധസംഘം തിരുനെല്ലിയിലെത്തിയത്. തിരുനെല്ലിയിലെ അംബിക ലോഡ്ജിനു മുന്‍വശത്തായുള്ള റോഡില്‍നിന്ന് മുദ്രാവാക്യം വിളിച്ച മാവോയിസ്റ്റുകള്‍ സമീപത്ത് കച്ചവടം ചെയ്യുന്ന രാജേന്ദ്രനെന്നയാള്ക്ക് ലഘുലേഖ നല്‍കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
'പാവങ്ങള്‍ക്കുവേണ്ടി ന്യായയുക്തമായ പോരാട്ടങ്ങള്‍ നടത്തുന്ന പുരോഗമന ജനാധിപത്യവക്താക്കളെ യു.എ.പി.എ ചുമത്തി ഭരണകൂടം രാഷ്ട്രീയതടവുകാരാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ തടവുകാരുടെ ദിനമായ സെപ്റ്റംബര്‍ 13ന് എല്ലാ രാഷ്ട്രീയതടവുകാരെയും മോചിപ്പിക്കണം' എന്നാണ് എഴുതി തയാറാക്കിയ ലഘുലേഖയിലുള്ളത്.
സര്‍ക്കാരിനെതിരേ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സംഘം സ്ഥലത്തെത്തിയത്. കഴിഞ്ഞദിവസം തലപ്പുഴ മക്കിമലയിലെത്തിയ അതേ സംഘമാണ് തിരുനെല്ലിയിലും എത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ തിരുനെല്ലി പൊലിസ് ക്രൈം നമ്പര്‍ 31218 പ്രകാരം യു.എ.പി.എ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."