ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലസാന്നിധ്യം
ന്യൂയോര്‍ക്ക്: ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് യു.എസ് ബഹിരാകാശ ഏജന്‍സി നാസ. മുമ്പ് മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ ജലസാന്നിധ്യം ചന്ദ്രനിലുണ്ടെന്നാണ് നാസയുടെയും ജര്‍മന്‍ ബഹിരാകാശ കേന്ദ്രത്തിന്റെയും സംയുക്ത സംരംഭമായ സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി (സോഫിയ) ടെലസ്‌കോപ്പിന്റെ കണ്ടെത്തല്‍.
ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രനിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം തിരിച്ചറിയുന്നത്. ഇതോടെ ചന്ദ്രനില്‍ തണുത്തതും നിഴല്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളില്‍ മാത്രമല്ല ജലസാന്നിധ്യമുള്ളതെന്നു തെളിഞ്ഞിരിക്കുകയാണ്.
ചന്ദ്രന്റെ ഭൂരിഭാഗം ഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. പെന്‍സില്‍ മുനയേക്കാള്‍ ചെറിയ ഗ്ലാസ് ക്രിസ്റ്റല്‍ രൂപത്തിലുള്ള അടുക്കുകളുടെ അകത്ത് ജലം സംഭരിക്കപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം ഭാഗത്ത് തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്.
2008 നവംബറില്‍ ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ചന്ദ്രനില്‍ വ്യാപകമായി ജലതന്മാത്രകളുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നാസയുടെ മൂണ്‍ മീറ്റെറോളജി മാപ്പര്‍ ചന്ദ്രനില്‍ ജലസാന്നിധ്യം സ്ഥിരീകരിക്കുന്നതിന് മൂന്നുമാസം മുമ്പായിരുന്നു ഇന്ത്യയുടെ കണ്ടുപിടിത്തം.
പുതിയ കണ്ടെത്തല്‍ ചാന്ദ്രഗവേഷണ മേഖലയില്‍ ഏറെ ഗുണംചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നാച്വര്‍ ആസ്‌ട്രോണമി മാഗസിനിലാണ് കണ്ടെത്തല്‍ വിവരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."