മുന്നാക്ക സംവരണം: ബി.ജെ.പിയെ പ്രശംസിച്ചും ലീഗിനെ വിമര്‍ശിച്ചും സിറോ മലബാര്‍ സഭ
കൊച്ചി: മുന്നാക്ക സംവരണത്തില്‍ ബി.ജെ.പിയെയും സി.പി.എമ്മനേയും പ്രശംസിച്ചും ലീഗിനെ വിമര്‍ശിച്ചും സിറോ മലബാര്‍ സഭ. ചങ്ങനാശ്ശേരി അതിരൂപത സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് ദീപികയ.ില്‍ എഴുതിയ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കുന്നത്.
മുന്നാക്ക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥതയെന്ന് ചോദിക്കുന്ന അദ്ദേഹം ബി.ജെ.പി സ്വീകരിച്ച ശക്തമായ നിലപാടാണ് രാജ്യത്ത് ഇപ്പോള്‍ സംവരണം നടപ്പാകാന്‍ കാരണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ആശയം ഉള്‍ക്കൊള്ളുന്ന സി.പി.എമ്മിനും സംവരണത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് ബിഷപ്പ് പറയുന്നു.
മുസ്‌ലിം ലീഗിന്റെ നിലപാട് ആദര്‍ശത്തിന്റെ പേരിലല്ലെന്നും ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തു വരികയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. സ്വന്തമായി നിലപാട് പ്രഖ്യാപിക്കാനാകാത്ത വിധം യു.ഡി.എഫ് ദുര്‍ബലമായോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനത്തിലധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെന്നും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ 579ാമത് നിര്‍ദ്ദേശമായ ജാതിസംവരണം ഇന്നുള്ള തോതില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കേരള ജനത അംഗീകരിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്ന് പറയാം. ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."