സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ഇന്ന്; കാര്യക്ഷമതയും മികവും ലക്ഷ്യമിട്ട് മേഴ്‌സിക്കുട്ടനും സംഘവും
ആലപ്പുഴ: ഒളിംപ്യന്‍ മേഴ്‌സികുട്ടന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷമുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യ യോഗം ഇന്ന്.
നിശ്ചലമായി കിടക്കുന്ന കായിക പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് കൗണ്‍സില്‍ ഭരണസമിതിയുടെ പ്രഥമ പരിഗണനയില്‍ ഉള്ളത്. ഓപറേഷന്‍ ഒളിംപ്യയെ ട്രാക്കിലാക്കി നേര്‍വഴിക്ക് ഓടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ യോഗം രൂപം നല്‍കിയേക്കും. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കുറ്റമറ്റരീതിയില്‍ കൊണ്ടുപോകാനുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിക്കും. നിലവില്‍ പല ഹോസ്റ്റലുകളും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന പരാതി വ്യാപകമാണ്.
ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാനാണ് പുതിയ ഭരണസമിതി ആലോചിക്കുന്നത്. ഹോസ്റ്റലുകളുടെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മേഴ്‌സികുട്ടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേ വിവിധ അസോസിയേഷനുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ പരിശോധിച്ച് ശക്തമായ നടപടിക്കും കൗണ്‍സില്‍ തയാറായേക്കും. അസോസിയേഷനുകളിലെ തമ്മില്‍ തല്ലിനെതിരേയും കര്‍ശനമായ നടപടിയുണ്ടാവും.
കായികതാരങ്ങള്‍ക്ക് കൃത്യമായി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. മുന്‍കാലത്ത് കായിക വികസന പദ്ധതികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അടക്കം വ്യാപകമായ പരാതിയാണ് ഉയര്‍ന്നിരുന്നത്. പരാതികള്‍ ഒഴിവാക്കി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമായി നടത്താനാണ് മേഴ്‌സികുട്ടന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷ്യമിടുന്നത്.
കായികമന്ത്രി ഇ.പി ജയരാജന്‍ പ്രത്യേക താല്‍പര്യമെടുത്താണ് മേഴ്‌സികുട്ടനെ പ്രസിഡന്റായും കണ്ണൂരില്‍ നിന്നുള്ള ഒ.കെ വിനീഷിനെ വൈസ് പ്രസിഡന്റായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് നിയമിച്ചത്.
രണ്ടു പേരും കായികതാരങ്ങളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. രാജ്യാന്തര ഫുട്‌ബോള്‍ താരം ഐ.എം വിജയനും ഭരണസമിതിയില്‍ അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."