ഗതാഗതം ദുഷ്‌കരം: ഗ്രാമീണ റോഡുകള്‍ തകര്‍ന്നു
കക്കട്ടില്‍: സമയബന്ധിതമായി അറ്റകുറ്റപണികള്‍ തീര്‍ക്കാത്തതും, കനത്ത മഴയും കാരണം ഗ്രാമീണ റോഡുകള്‍ മിക്കവയും തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി.
ജില്ലാ പഞ്ചായത്ത്, എം.എല്‍.എ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകള്‍ ഫണ്ട് അനുവദിച്ച് ടാറിങ് നടത്തിയും, ബോളര്‍ പതിച്ചതുമായ നിരവധി റോഡുകളാണ് തകര്‍ന്നത്.
മണ്ണിയൂര്‍ താഴ പൊന്തേന്റ കീഴില്‍ ,കൊയ്യാല്‍ - നരിപ്പറ്റ, കൈതച്ചാല്‍, കുളങ്ങരത്ത് -നരിക്കാട്ടേരി, ചേട്ടാക്കല്‍മുക്ക് കുളങ്ങരത്ത് ,കക്കട്ട് - കൈവേലി, വട്ടോളി - പാതിരിപ്പറ്റ റോഡുകളാണ് തകര്‍ന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകള്‍. വെള്ളപൊക്ക ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്ത റോഡുകളും ഇക്കൂട്ടത്തില്‍ തകര്‍ന്നവയാണ്.
തുലാവര്‍ഷം കൂടി ലഭിക്കുകയാണെങ്കില്‍ കാല്‍നട യാത്ര പോലും സാധിക്കാത്ത വിതം റോഡുകള്‍ തകരുമെന്ന ആശങ്ക നാട്ടുകാര്‍ക്കിടയിലുണ്ട്. ഇക്കഴിഞ്ഞ വേനലില്‍ ടാര്‍ ചെയ്തവയും തകര്‍ന്നവയിലുണ്ട്. പൂര്‍ണമായും ഒലിച്ചുപോയ റോഡുകള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ചില പാലങ്ങളുടെ കൈവരിയും തകര്‍ന്നിട്ടുണ്ട്.
കുളങ്ങരത്ത് നരിക്കാട്ടേരി റോഡിലെ പാലത്തിന്റെ കൈവരി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
നരിപ്പറ്റ, കുന്നുമ്മല്‍, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നരിപ്പറ്റ കൊയ്യാല്‍ റോഡും ,സാമൂഹ്യ വിഹാരകേന്ദ്രത്തിനടുത്തുള്ള പാലവും അപകട ഭീഷണിയിലാണ്.നരിപ്പറ്റ വാണിമേല്‍ പഞ്ചായത്തിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേളോത്ത് താഴ പാലത്തിന്റെ കൈവരിയും തകര്‍ന്നിരിക്കുകയാണ്. എം.പി., എം.എല്‍.എഫണ്ടുകളും മറ്റ് വെള്ളപൊക്ക ഫണ്ടുകളുമുപയോഗിച്ച് ഇവ ഗതാഗതയോഗ്യമാക്കേണ്ടത് അടിയന്തിരമായ കാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."