വിഷമില്ലാത്ത പച്ചക്കറി: കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ നല്‍കുമെന്ന് കൃഷിമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. മൂന്നു ലക്ഷം രൂപ വരെയാണു നല്‍കുക. നിലവില്‍ നെല്‍കൃഷിക്കു മാത്രമാണ് പലിശരഹിതവായ്പ നല്‍കുന്നത്.
ഓണത്തിനു കുടുംബശ്രീ യൂനിറ്റുകളും കൃഷിവകുപ്പും ചേര്‍ന്ന് 1500 ഔട്ട്‌ലറ്റുകള്‍ തുടങ്ങും. പഞ്ചായത്തുകള്‍ വഴി 300 കോടി രൂപ പച്ചക്കറി കൃഷിക്കു വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ 'മീറ്റ് ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി-മൃഗസംരക്ഷണം-സഹകരണം-തദ്ദേശ സ്വയംഭരണം-ജലസേചനം വകുപ്പുകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് സമഗ്ര കാര്‍ഷികനയം നടപ്പാക്കും. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം.
വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് കര്‍ശനമായി തടയും. മായമില്ലാത്ത കേരഫെഡ് വെളിച്ചെണ്ണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയും റേഷന്‍കടകള്‍ വഴിയും വില്‍പന നടത്താന്‍ നടപടി സ്വീകരിക്കും. ഇതിനായി അഞ്ചു വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. സഹകരണവകുപ്പും നാളികേര കാര്യത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ ഒരുമാസത്തിനകം വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു.
നാളികേര സംഭരണവുമായി ബന്ധപ്പെട്ട് കേരഫെഡിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്. നാളികേര സംഭരണത്തിനു നാഫെഡുമായി ചര്‍ച്ച നടത്തും. 308 കേന്ദ്രങ്ങള്‍ വഴി ആഴ്ചയില്‍ രണ്ടു ദിവസമാണു സംഭരണം. അതു കൂടുതല്‍ ദിവസങ്ങളിലേക്ക് ദീര്‍ഘിപ്പിക്കും. സംഭരിച്ചവ സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണു പ്രശ്‌നം. ഇടുക്കി ജില്ലയെ സംസ്ഥാനത്തിന്റെ വെജിറ്റബിള്‍ ഹബ്ബാക്കി മാറ്റുന്ന കാര്യം പരിശോധിക്കും.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് ഏഴുമുതല്‍ ഒന്‍പതു വരെ ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല, ആസൂത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുള്‍പ്പടെ ഇടുക്കിയില്‍ ക്യാംപ് ചെയ്യും. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്നതിനേക്കാള്‍ പത്തു ശതമാനം കൂടുതല്‍ തുക നല്‍കി പച്ചക്കറി ഇവിടെ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വിഷമടിച്ച പച്ചക്കറികള്‍ പൂര്‍ണമായും തടയാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. വെള്ളായണിയിലുള്ള ലാബിലാണ് ഇപ്പോള്‍ വിഷാംശം അറിയാന്‍ പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടു കിട്ടാന്‍ നാലുദിവസം പിടിക്കും. അപ്പോഴേക്കും പച്ചക്കറിയെല്ലാം കേടാവും. പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ജില്ലകളിലും ലബോറട്ടറികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ആഗോള പച്ചക്കറി സംരക്ഷണമെന്ന പൊതുമാനദണ്ഡം ഇന്ത്യ അംഗീകരിച്ചതാണ്. ആ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.പ്രദീപ്കുമാര്‍ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."