85 രോഗികളെ കൊലപ്പെടുത്തിയ ജര്‍മന്‍ നഴ്‌സിന് ജീവപര്യന്തം
ബെര്‍ലിന്‍: തന്റെ ശുശ്രൂഷയിലായിരുന്ന 85 രോഗികളെ കൊലപ്പെടുത്തിയ ജര്‍മന്‍ നഴ്‌സിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. നീല്‍സ് ഹെഗേല്‍ എന്ന 42കാരനെയാണ് ഓള്‍ഡന്‍ബര്‍ഗിലെ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതിയുടെ ക്രൂരത സങ്കല്‍പിക്കാന്‍ പോലുമാവാത്തതാണെന്ന് ജഡ്ജി പറഞ്ഞു.
നേരത്തെ 34നും 96നും ഇടയിലുള്ള 100 രോഗികളെ അഞ്ചു വര്‍ഷത്തിനിടെ താന്‍ കൊന്നതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ 15 കേസില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, പ്രതി 200 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടാവുമെന്നാണ് പൊലിസ് സംശയിക്കുന്നത്.
സഹപ്രവര്‍ത്തകരുടെ മുന്നില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനും മുഷിപ്പ് മാറ്റാനുമായി തന്റെ രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കാത്ത വിവിധതരം മരുന്നുകള്‍ ഇയാള്‍ നല്‍കിയിരുന്നു.
നരഹത്യ ഉള്‍പ്പെടെ ആറു കേസുകളിലായി ആജീവനാന്ത ശിക്ഷ അനുഭവിക്കുന്ന പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ നൂറോളം രോഗികളെ കൊന്നത് അന്വേഷണസംഘത്തിനു വ്യക്തമായത്.
ചില ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ഇയാളെ സംശയമുണ്ടായിരുന്നു. വിചാരണവേളയില്‍ ഇരകളുടെ കുടുംബങ്ങളോട് പ്രതി മാപ്പുതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."