കയറിട്ട് കെട്ടിയ പാറക്കല്ല്; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍, ഉറക്കം നടിച്ച് അധികൃതര്‍
തിരുവമ്പാടി: ഏതുനിമിഷവും തലക്ക് മുകളില്‍ വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന പാറക്കല്ല് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ മനുഷ്യ ജീവനും സ്വത്തിനും വില കല്‍പ്പിക്കാതെ അധികൃതര്‍ ഈ വിഷയത്തില്‍ നിസംഗത തുടരുകയാണ്.
തിരുവമ്പാടി പാതിരമണ്ണില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പാറക്കല്ലുള്ളത്. മൂന്നു പാറക്കല്ലുകളില്‍ ഒന്നാണ് ഏതു നിമിഷവും വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നത്. കഴിഞ്ഞ മാസത്തെ കനത്ത മഴയില്‍ മണ്ണൊലിച്ച് പോയതിനെ തുടര്‍ന്ന് ഇളക്കംതട്ടിയ കല്ല് ഇപ്പോള്‍ നാട്ടുകാര്‍ കയറിട്ട് കെട്ടി സമീപത്തെ മരങ്ങളില്‍ ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. നാട്ടുകാര്‍ അറിയിച്ച പ്രകാരം ഓഗസ്റ്റ് 19ന് സംഭവസ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫിസര്‍ ജിയോളജി വകുപ്പിനെ അറിയിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് കൊടുത്തു. ആറു ദിവസങ്ങള്‍ക്ക് ശേഷം ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം വില്ലേജ് ഓഫിസര്‍ സംഭവസ്ഥലം വീണ്ടും സന്ദര്‍ശിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വില്ലേജ് ഓഫിസറെ ബന്ധപ്പെട്ടപ്പോള്‍ തഹസില്‍ദാറെ വിളിക്കാന്‍ പറഞ്ഞുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാറെ വിളിച്ചെങ്കിലും വില്ലേജ് ഓഫിസറെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ചു.
തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും വില്ലേജ് ഓഫിസ് തന്നെയാണ് പരിഹരിക്കേണ്ടതെന്നുമാണ് ജിയോളജി വകുപ്പിന്റെ നിലപാട്. ഇതേസമയം നേരത്തെ കെട്ടിയ കയര്‍ കൂടുതല്‍ മുറുകിയതിനെ തുടര്‍ന്ന് കമ്പി കൊണ്ടും മരക്കഷ്ണങ്ങള്‍ കൊണ്ടും നാട്ടുകാര്‍ താങ്ങി നിര്‍ത്തിയിരിക്കുകയാണ്. പാറക്കല്ലിന് സമീപം കഴിഞ്ഞ ദിവസം മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു. അറിയിക്കേണ്ട മുഴുവന്‍ അധികൃതരെയും അറിയിച്ചിട്ടും വിഷയത്തിന്റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."