പുതിയ മിസൈല്‍ വിക്ഷേപണം ആണവായുധ പരീക്ഷണം ലക്ഷ്യമിട്ടെന്ന് ഉത്തര കൊറിയ
സിയോള്‍: ആണവ മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസത്തെ മിസൈല്‍ വിക്ഷേപണമെന്ന് ഉത്തര കൊറിയ. ഞായറാഴ്ചയാണ് ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.
ഏതുതരം ബാലിസ്റ്റിക് മിസൈലാണെന്നതിനെ കുറിച്ച കൃത്യമായ വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നില്ല. ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ കുസോങില്‍ നിന്നായിരുന്നു പരീക്ഷണം.
800 കിലോമീറ്ററോളം പറന്ന ശേഷമാണ് മിസൈല്‍ ജപ്പാന് കടലില്‍ പതിച്ചത്. നാലു ദിവസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റിന് നേരിട്ടുള്ള വെല്ലുവിളി കൂടിയായിരുന്നു ഇത്.
തന്റെ പിന്‍ഗാമികളേക്കാള്‍ കുറേക്കൂടി പുരോഗമനവാദിയായ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് പറയാതെ പറഞ്ഞുകൊണ്ടുള്ള ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം. സംഭവത്തെ തുടര്‍ന്ന് മൂണ്‍ ജേ ഇന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുവെങ്കിലും മിസൈല്‍ പരീക്ഷണം സംബന്ധിച്ച് പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."