ആഫ്രിക്കന്‍ യൂനിയനില്‍ നിന്ന് സുദാന്‍ പുറത്ത്
ഖാര്‍ത്തൂം: ജനാധിപത്യ സര്‍ക്കാറിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ വെടിവച്ചുകൊന്ന സുദാന്‍ സൈനികസമിതിയുടെ നടപടിയെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂനിയനില്‍ നിന്നു സുദാനെ പുറത്താക്കി. ജനകീയ ഇടക്കാല സര്‍ക്കാര്‍ നിലവില്‍വരും വരെ സുദാനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതായി ആഫ്രിക്കന്‍ യൂനിയന്റെ സമാധാന സുരക്ഷാ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. ഖാര്‍ത്തൂമില്‍ തിങ്കളാഴ്ച റാലി നടത്തിയ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ട ഉടനെ അടിയന്തരയോഗം ചേര്‍ന്നാണ് ആഫ്രിക്കന്‍ യൂനിയന്‍ സുദാനെ പുറത്താക്കിയത്.
സൈനിക ആസ്ഥാനത്തിനു പുറത്ത് സമരം നടത്തുന്നവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഇതുവരെ 108 പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സുദാനി ഡോക്ടേഴ്‌സ് കേന്ദ്ര കമ്മിറ്റി അറിയിച്ചു. അതേസമയം 61 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നൈല്‍ നദിയില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്(ആര്‍.എസ്.എഫ്) അവ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയതായും ഡോക്ടര്‍മാരുടെ കമ്മിറ്റി പറഞ്ഞു.
കൊല നടത്തിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഫ്രിക്കന്‍ യൂനിയന്‍ കമ്മിഷന്‍ ചെയര്‍മാന്‍ മൂസ ഫാകി മുഹമ്മദ് ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍; സൈന്യവുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രക്ഷോഭകര്‍
ഖാര്‍ത്തൂം: സമരക്കാര്‍ക്കു നേരെ വിവേചനമില്ലാതെ സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട 40 പേരുടെ മൃതദേഹം നൈല്‍ നദിയില്‍ നിന്നു കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രക്ഷോഭകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയാവാമെന്ന് സൈന്യം പറഞ്ഞെങ്കിലും ചര്‍ച്ചയ്ക്കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സൈനിക ആസ്ഥാനത്തിനു പുറത്ത് സമരം നടത്തുന്നവര്‍ക്കു നേരെ വെടിവയ്പുണ്ടായി ഒരു ദിവസത്തിനു ശേഷമാണ് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നേരത്തെ വെടിവയ്പിനു ശേഷം ഇനി പ്രക്ഷോഭകരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സൈന്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം വന്നതോടെ അവര്‍ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. സൈനികസമിതിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പ്രക്ഷോഭ സംഘടനാ സഖ്യം പറഞ്ഞു.
നഗരത്തില്‍ റോന്തുചുറ്റുന്ന ആര്‍.എസ്.എഫ് ജനങ്ങളെ തടഞ്ഞുനിര്‍ത്തി കീശ തപ്പി മൊബൈല്‍ ഫോണും പണവും കവരുന്നതായും ആക്ഷേപമുണ്ട്. സൈനികര്‍ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും കൂടെയുള്ളവരെ മര്‍ദിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകര്‍ പരസ്പരം ബന്ധപ്പെടുന്നത് തടയാനായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുമുണ്ട്. പ്രതിപക്ഷ-വിമത നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന സൈന്യം കഴിഞ്ഞദിവസം സുദാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് ഉപനേതാവായ യാസിര്‍ അര്‍മാനെ വീട്ടില്‍ നിന്നാണ് പിടിച്ചുകൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."