കേരളത്തിലും സൈബര്‍ ആക്രമണം; വയനാട്ടിലും പത്തനംതിട്ടയിലും കംപ്യൂട്ടറുകള്‍ തകരാറിലായി
വയനാട്: കേരളത്തിലും റാന്‍സംവെയര്‍ ആക്രമണം നടന്നതായി സംശയം. വയനാട്ടിലും പത്തനംതിട്ടയിലും കംപ്യൂട്ടറുകള്‍ തകരാറിലായി. വയനാട്ടിലെ തരിയോട് ഗ്രാമ പഞ്ചായത്തിലെ കംപ്യൂട്ടറുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിന്‍ഡോസ് സെവന്‍ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന പഞ്ചായത്തിലെ നാലു കംപ്യൂട്ടറുകളിലാണ് വൈറസ് ആക്രമണമുണ്ടായിരിക്കുന്നത്. വൈറസ് ബാധയേറ്റ കംപ്യൂട്ടറുകളില്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും മുമ്പ് സേവ് ചെയ്ത ഫയലുകള്‍ തുറക്കാനോ ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ പറഞ്ഞു.
വൈറസ് ബാധയില്‍ പഞ്ചായത്തിലെ പല പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ കംപ്യൂട്ടറുകള്‍ ഹാങ്ങായിരുന്നെന്നും സൈബര്‍ ആക്രമണം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് വൈറസിന്റെ ഭീകരത വ്യക്തമമായതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ വിന്‍ഡോസ് 2003, എക്‌സ് പി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന പഞ്ചായത്തിലെ മറ്റു കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചിട്ടില്ല. 14 കംപ്യൂട്ടറുകളാണ് പഞ്ചായത്തിലുള്ളത്.
കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്നു ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മറ്റു കംപ്യൂട്ടറുകളില്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് സൂചന.
സൈബര്‍ ആക്രമണം നടത്തുന്ന വാനാക്രൈ റാന്‍സെവയര്‍ വൈറസിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."