ഖത്തറില്‍ യമനിയെ കൊന്ന കേസ്: നാലു മലയാളികള്‍ക്ക് വധശിക്ഷ
ദോഹ: സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി ഖത്തറില്‍ യമനി കൊലചെയ്യപ്പെട്ട പ്രമാദമായ കേസില്‍ നാല് മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ഇന്നാണ് കോടതിവിധി പറഞ്ഞത്. വിധിപ്പകര്‍പ്പ് നാളെ ലഭിക്കുമ്പോള്‍ മാത്രമേ വിശദാംശങ്ങള്‍ അറിയാനാവുകയുള്ളൂ.
കൊലപാതകവുമായി ബന്ധമില്ലാതെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മിക്കവരെയും വെറുതെ വിട്ടുകൊണ്ടാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ നിരപരാധികളായ മലയാളികളെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് അഡ്വ. നിസാര്‍ കോച്ചേരി വിധിയോട്് പ്രതികരിച്ചു. നിരപരാധികളെന്ന് ബോധ്യപ്പെട്ട പന്ത്രണ്ട് മലയാളികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കിയത് അഡ്വ. നിസാര്‍ കോച്ചേരിയായിരുന്നു. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ ജയില്‍ സന്ദര്‍ശന വേളയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചില മലയാളികളുടെ നിപരാധിത്വം ശ്രദ്ധയില്‍പെടുകയും അവര്‍ക്ക് സൗജന്യമായ നിയമസഹായം കേച്ചേരി ആന്റ് പാര്‍ട്‌ണേര്‍സിന്റെ ആഭിമുഖ്യത്തില്‍ നല്‍കുകയും ചെയ്തു.
കൊലപാതകത്തെക്കുറിച്ചറിഞ്ഞിട്ടും പൊലിസില്‍ അറിയിക്കാതെ കളവ് മുതല്‍ കൈവശം വച്ചു, തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്കയക്കാന്‍ സഹായിച്ചു എന്നിവയൊക്കെയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഖത്തറിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ കേസില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കാണ് കോച്ചേരി സൗജന്യ നിയമസഹായം ലഭ്യമാക്കിയത്. അതേസമയം സ്വര്‍ണം സൂക്ഷിച്ച റൂമില്‍ താമസിച്ചവര്‍, പ്രതികളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചവര്‍, പ്രതികള്‍ ഉപയോഗിച്ച വണ്ടി തുടങ്ങിയവയൊക്കെ ഒരു വര്‍ഷത്തിലേറെയായി നിയമപരമായ കുരുക്കിലാണെന്നാണ് സൂചന. ഖത്തറില്‍ കുഴല്‍പ്പണ ഇടപാട് നടത്തുന്ന ചില മലയാളികളും കേസില്‍ കുടുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."