ബാലഭാസ്കറിന്റെ മരണം; ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും ഒളിവില്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ബാലഭാസ്കറുടെ ഡ്രൈവറായിരുന്ന അര്‍ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടര്‍ രവീന്ദ്രന്റെ മകന് ജിഷ്ണുവും ഒളിവിലെന്നാണ് സൂചന. അര്ജുന് നാടുവിട്ടെന്നും നിലവില്‍ അസമിലാണെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.
അപകടത്തില്‍ പരിക്കേറ്റയാള്‍ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അര്ജുന് സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അര്‍ജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയില്‍ നിന്ന് പള്ളിപ്പുറത്തെത്താന്‍ (231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍) രണ്ടേമുക്കാല്‍ മണിക്കൂര്‍ മാത്രമാണ് വേണ്ടിവന്നത്. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് കാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറ ത്തെത്തി. അത്രയും വേഗത്തില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശ് തമ്പിയും ബാലഭാസ്കറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പറഞ്ഞിരുന്നു. ബാലഭാസ്കറിന് അപകടം സംഭവിക്കുന്നതിന് തലേദിവസം തിരുവനന്തപുരത്തെത്തിയ മകന് ജിഷ്ണു പ്രകാശ് തമ്പിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും രവീന്ദ്രന് പറഞ്ഞിരുന്നു. രവീന്ദ്രന്റേയും ഭാര്യ ലതയുടേയും മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു. മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഇരുവരും ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.
ബാലഭാസ്കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാലഭാസ്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."