എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. നയതന്ത്രബാഗേജുവഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ഇ.ഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. കേന്ദ്ര അന്വേഷണ ഏജന്‍സി ആദ്യമായിട്ടാണ് കേരളത്തിലെ ഒരു ഐ.എ.എസ് ഓഫിസറെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിറ്റുകള്‍ക്കുള്ളിലാണ് ശിവശങ്കറെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. രാവിലെ 10.23നാണ് ഹൈക്കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. 10.27ന് തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സമന്‍സ് കൈമാറി. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തി സമന്‍സ് നല്‍കിയാണ് അന്വേഷണ സംഘം ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് 10.45ന് സംഘം ശിവശങ്കറുമായി എറണാകുളത്തേക്കു തിരിച്ചു. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്‍പസമയം വിശ്രമം അനുവദിച്ച ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര.
ചേര്‍ത്തലയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി സംഘത്തോടൊപ്പം ചേര്‍ന്നു. 3.23ന് ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡിക്കൊപ്പം ചേര്‍ന്നു ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഏഴു മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനും ഉന്നത ഇ.ഡി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും ഒടുവിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ അന്വേഷണ സംഘം നൂറു മണിക്കൂറിലേറെ ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. ഇക്കഴിഞ്ഞ പതിനാറിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും അന്വേഷണ സംഘത്തിനൊപ്പം കസ്റ്റംസ് ഓഫിസിലേക്ക് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി നടത്തിയ വഴിവിട്ട ബന്ധങ്ങളാണ് ശിവശങ്കറിനെതിരേയുള്ള നടപടിയിലേക്ക് നയിച്ചത്. ശിവശങ്കറിനെതിരേ അന്വേഷണ സംഘത്തിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ തെളിയുകയായിരുന്നു. സ്വപ്നയുമായി നടത്തിയ വിദേശയാത്രകള്‍, ഈന്തപ്പഴം ഇറക്കുമതി, ലൈഫ്മിഷന്‍ പദ്ധതി, സ്‌പേസ്പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം, സ്വപ്‌നയുടെ പണമിടപാടില്‍ നടത്തിയ ഇടപെടല്‍ ഇവയെല്ലാം ശിവശങ്കറിനെതിരായുള്ള നടപടിയിലേക്ക് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."