മരണത്തില്‍ ദുരൂഹത: മൊഴിയില്‍ മലക്കംമറിഞ്ഞ് കടയുടമ; സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി
തിരുവനന്തപുരം: കൊല്ലത്തിനടുത്ത് ബാലഭാസ്കറിന്റെ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി. കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്കറെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് തമ്പി ഒളിവില്‍ പോയത്
നേരത്തെ ഷംനാദിന്റെ മൊഴിയെടുത്ത ശേഷമായിരുന്നു പ്രകാശിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എന്നയാള്‍ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ ഷംനാദ് നേരത്തെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാള്‍ കടയില്‍ വന്നിട്ടില്ല, സിസിടിവി ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് ഷംനാദ് പ്രതികരിച്ചത്.
ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത് പൊലിസാണ്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത്. ഇതിനിടെ കടയില്‍ പ്രകാശ് തമ്പി എന്നൊരാള്‍ വന്ന് സിസിടിവി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയി എന്ന് പറഞ്ഞിട്ടേയില്ലെന്നായിരുന്നു ഷംനാദ് പറഞ്ഞത്.
പൊലിസുകാര്‍ രണ്ട് മാസം മുമ്പ് വന്ന് സിസിടിവി ദൃശ്യം ശേഖരിച്ചു കൊണ്ടുപോയി. മുപ്പത് ദിവസത്തെ സ്റ്റോറേജ് മാത്രമേ ഈ സിസിടിവി ഹാര്‍ഡ് ഡിസ്കിനുള്ളൂ. അത് സാരമില്ല, ഫോറന്‍സിക് പരിശോധനയില്‍ പൊലിസുകാര്‍ ദൃശ്യം എടുത്തുകൊള്ളുമെന്ന് ഡിവൈഎസ്പി ഹരികൃഷ്ണന് പറഞ്ഞു. അതല്ലാതെ വേറെ ആരും വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."