കണ്ണൂരില്‍ അഫ്‌സ്പ വേണ്ട, മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടി വേണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കണ്ണൂരിലെ കൊലപാതകത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും പൊലിസ് സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കണ്ണൂരില്‍ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പ്രായോഗികമല്ലെന്നും പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. അഫ്‌സ്പ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവര്‍ണറെ സമീപിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.
അഫ്‌സ്പ മനുഷ്യത്വ രഹിതമായ നിയമമാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് കണ്ണൂരില്‍ അഫ്‌സ്പ നിയമം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ഗവര്‍ണറെ സമീപിച്ചത്.
കണ്ണൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍
കണ്ണൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതിനെ ഒറ്റപ്പെട്ടതായിത്തന്നെ കാണണം. ഒറ്റപ്പെട്ട സംഭവമുണ്ടാകുമ്പോള്‍ നേരത്തേയുണ്ടാക്കിയ സമാധാനാന്തരീക്ഷമാകെ തകര്‍ന്നുപോയി എന്ന പ്രതീതിയുണ്ടാക്കരുതെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ സജീവമായി മുമ്പോട്ടു പോകും. അതിന് അനുകൂലമായ രാഷ്ട്രീയസാമൂഹ്യ അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു നടപ്പാക്കി വരികയാണ്. അതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ ഒരു ഒറ്റപ്പെട്ട സംഭവമുണ്ടായത്. അതിനെ ഒറ്റപ്പെട്ടതായിത്തന്നെ കാണണം. സര്‍ക്കാര്‍ അത്തരം സംഭവങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും.
സര്‍വകക്ഷി യോഗത്തിന്റെ സന്ദേശം താഴെതലത്തിലുള്ള അണികളില്‍ വരെ എത്തേണ്ടതുണ്ട്. അത് എല്ലാ കക്ഷികള്‍ക്കും എത്രത്തോളം സാധിച്ചു എന്നതുകൂടി ആലോചിക്കണം. നേതാക്കള്‍ ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതുകൊണ്ട് മാത്രമായില്ല. ആ തീരുമാനം ഫലപ്രദമായി അണികളിലെത്തിക്കാനും അവരെക്കൊണ്ട് അത് പൂര്‍ണ്ണമായി അംഗീകരിപ്പിക്കാനും കഴിയണം. അതിനുള്ള ശ്രമമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 220 പ്രാദേശിക സമാധാന യോഗങ്ങള്‍ നടത്തി തുടങ്ങിവെച്ചത്. സമാധാനം സ്ഥാപിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത് സമാധാന സന്ദേശം അണികളിലെത്തിച്ച് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്.
ഒറ്റപ്പെട്ട സംഭവമുണ്ടാവുമ്പോള്‍ നേരത്തെയുണ്ടാക്കിയ സമാധാനാന്തരീക്ഷമാകെ തകര്‍ന്നുപോയി എന്ന പ്രതീതിയുണ്ടാക്കരുത്. സമാധാനാന്തരീക്ഷം പൊതുവില്‍ നിലനില്‍ക്കുന്നുവെന്നും എന്നാല്‍, ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായി എന്നുമേ കാണാവൂ. മറിച്ചായാല്‍ സമാധാന കാലം കഴിഞ്ഞു, ഇനി ആയുധമെടുത്തേക്കാം എന്നു ചിന്തിക്കാന്‍ അതു ചിലര്‍ക്കെങ്കിലും പ്രേരണയാകും. അതുകൊണ്ടു വലിയ ജാഗ്രതയോടെ മാത്രമേ ഈ സാഹചര്യത്തെ സമീപിക്കാവൂ.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രചാരണം സമാധാനശ്രമങ്ങളെ സഹായിക്കുന്നതാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. പയ്യന്നൂര്‍ സംഭവത്തെ തുടര്‍ന്ന് സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായി കാണിക്കുന്ന വ്യാജ ദൃശ്യം അടക്കമുള്ളതായിരുന്നു പോസ്റ്റ്. ഇത് നിയമവിരുദ്ധമാണ്.
സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പാക്കണമെന്നു ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ ഒരു കാര്യം ഓര്‍മിക്കണം. അതു നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. അവിടെ 1528 വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് നടന്നത്. 12 വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുള്ള വൃദ്ധ വരെ വെടിയേറ്റു മരിക്കുന്ന സ്ഥിതി വന്നു. ഇത്തരം സംഭവങ്ങളെ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷത്തിനായി നിലകൊള്ളുന്ന ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഒരു ജനാധിപത്യ കക്ഷിക്ക് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെയാണ് കഴിയുക?
ഉണ്ടായ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള അവസരമായി ഒറ്റപ്പെട്ട സംഭവത്തെ ഉപയോഗിക്കുന്നതിനെതിരായ സന്ദേശമാണ് കണ്ണൂരില്‍ ഇന്നു പ്രസരിക്കേണ്ടത്. അതാകട്ടെ, ഒറ്റക്കെട്ടായി എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതുമാണ്. അങ്ങനെയൊരു സന്ദേശം പോയാല്‍ അത് വലിയ തോതില്‍ ഗുണം ചെയ്യും. മറിച്ചായാല്‍ അന്തരീക്ഷം കൂടുതല്‍ കലുഷമാവുകയേയുള്ളൂ. അങ്ങനെ അന്തരീക്ഷം കലുഷമാവണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. സമാധാനത്തിന്റേതായ പൊതു സ്ഥിതിയും സ്പിരിറ്റും പൊതുവില്‍ കണ്ണൂരിലുണ്ട്. അതു മുമ്പോട്ടു കൊണ്ടുപോവാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."