സ്വര്‍ണക്കടത്ത്: സര്‍ക്കാരും പ്രതിപ്പട്ടികയിലേക്ക്
നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് കേരള ജനത ഏറെക്കുറെ പ്രതീക്ഷിച്ചൊരു സന്ദര്‍ഭത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട പേരാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റേത്. കേസിലെ പ്രതി സ്വപ്ന സുരേഷിനു ശിവശങ്കറുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായുമൊക്കെയുള്ള ബന്ധം പുറത്തുവരികയുമുണ്ടായി. ഈ കേസ് ഇത്രയേറെ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കാന്‍ കാരണവും അതൊക്കെ തന്നെയായിരുന്നു.
ഒടുവിലിപ്പോള്‍ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നു. ഇന്നലെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഏതു നിമിഷവും ശിവശങ്കര്‍ പിടിയിലായേക്കാമെന്നൊരു തോന്നല്‍ കേസ് പുറത്തുവന്നതു മുതല്‍ പൊതുസമൂഹത്തിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് പിടികൂടിയതിന്റെ രണ്ടാംദിവസം മുതല്‍ തന്നെ ശിവശങ്കറിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു. അടുത്തദിവസങ്ങളില്‍ ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതും ദേഹാസ്വാസ്ഥ്യത്തിന്റെ പേരിലുണ്ടായ ആശുപത്രി വാസവുമൊക്കെ അദ്ദേഹം ഉടന്‍ തന്നെ കേസില്‍ പ്രതിചേര്‍ക്കപ്പെടുമെന്ന പ്രതീതി സൃഷ്ടിച്ചു.
കേസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രചാരണവും സമരപരിപാടികളും നടത്തിവരികയായിരുന്നു പ്രതിപക്ഷം. അതു സ്വാഭാവികവുമാണ്. ഏതൊരു കാലത്തും ഭരണകൂടവുമായി ബന്ധപ്പെട്ട ഇത്തരം ആരോപണങ്ങളുടെ മുന നീണ്ടുപോകുന്നത് സര്‍ക്കാരിനുനേരെ തന്നെയായിരിക്കും. കേസിന്റെ തുടക്കത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കുന്നുവെന്ന് തോന്നുന്ന വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ബലംപകരുകയും ചെയ്തിരുന്നു. അതിനെല്ലാം അടിവരയിടുന്ന തരത്തിലാണ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്റ്റ്.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നുമൊക്കെയുള്ള പരമ്പരാഗത ന്യായങ്ങള്‍ പറഞ്ഞ് ഇനിയും ഇടതുസര്‍ക്കാരിനും ഭരണപക്ഷത്തിനും സാങ്കേതികമായി പിടിച്ചുനില്‍ക്കാനായേക്കും. എന്നാല്‍, ഒരു ജനാധിപത്യ സമൂഹത്തിന്റെ നീതിബോധം പുലരുന്നത് നിയമത്തിന്റെ സാങ്കേതിക വ്യവസ്ഥകളില്‍ മാത്രമല്ല. അന്വേഷണ സംവിധാനങ്ങളുടെ ചട്ടക്കൂടുകള്‍ക്കൊപ്പമോ കോടതിയുടെ കണ്ടെത്തലുകള്‍ക്കൊപ്പമോ മാത്രമല്ല ജനമനസിലെ ജനകീയ കോടതി പ്രവര്‍ത്തിക്കുന്നത്. കേരളീയ മനസുകളിലെ കോടതി ശിവശങ്കറിനു കുരുക്കിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിപ്പട്ടികയിലേക്ക് വന്നിരിക്കുകയാണ്. അത്ര വേഗത്തിലൊന്നും ഈ ജനകീയ കോടതിയില്‍നിന്ന് സര്‍ക്കാരിനോ ഭരണം നിയന്ത്രിക്കുന്നവര്‍ക്കോ ജാമ്യം ലഭിച്ചുകൊള്ളണമെന്നില്ല.
ശിവശങ്കര്‍ അറസ്റ്റിലായത് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്കു തന്നെയാണ് തള്ളിവിടുന്നത്. ശിവശങ്കര്‍ വഴി സര്‍ക്കാര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുന്ന അവസ്ഥയാണിപ്പോള്‍. സ്വര്‍ണക്കടത്ത് നടന്ന കാലത്ത് ഭരണകൂടത്തിന്റെ ഭാഗം തന്നെയായിരുന്നു ശിവശങ്കര്‍. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറെ വിശ്വസ്തനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ പരക്കെ അറിയപ്പെടുന്നയാളുമാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രധാന പദവി ലഭിക്കാന്‍ ആഗ്രഹിക്കുകയും അതിനായി കരുക്കള്‍ നീക്കുകയും ചെയ്ത ചില ഉന്നതോദ്യോഗസ്ഥരെ അവഗണിച്ചാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തന്റെ ഓഫിസില്‍ നിയമിച്ചതെന്ന് അന്നുതന്നെ വാര്‍ത്ത വന്നിരുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമൊപ്പം ഉറച്ചുനിന്നയാളുമാണ് ശിവശങ്കര്‍. ഏറെ വിവാദം സൃഷ്ടിച്ച സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഇതുവരെ വേറെ ഉദ്യോഗസ്ഥരൊന്നും ചെയ്യാത്തവിധം ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് അദ്ദേഹം രംഗത്തുവരികകൂടി ചെയ്തതോടെ സര്‍ക്കാരിനോട് അദ്ദേഹത്തിന് ഉദ്യോഗസ്ഥനെന്ന നിലയ്ക്കുമപ്പുറമുള്ള കൂറ് വെളിപ്പെടുകയുമുണ്ടായി.
ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെ നിയമം പിടികൂടുമ്പോള്‍ പിടിയിലാകുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് പറയേണ്ടിവരും. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും അതുവഴി ഭരണകൂടത്തെ തന്നെയും പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളുടെയും കേസുകളുടെയുമൊക്കെ ചരിത്രം പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. ഐ.എസ്.ആര്‍.ഒ ചാരക്കേസിലും സോളാര്‍ തട്ടിപ്പു കേസിലുമൊന്നും അക്കാലത്തെ മുഖ്യമന്ത്രിമാര്‍ നേരിട്ട് ആരോപണവിധേയരായിട്ടില്ല. ഭരണകൂടവുമായി ബന്ധപ്പെട്ടവരോ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരോ കേസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അക്കാലത്തെ സര്‍ക്കാരുകള്‍ പ്രതിക്കൂട്ടിലാവുകയും അതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ നേരിടുകയുമൊക്കെ ചെയ്തത്. അതിന്റെയെല്ലാം ന്യായങ്ങള്‍ വച്ചുനോക്കുമ്പോള്‍ പിണറായി സര്‍ക്കാരും ഇപ്പോള്‍ പ്രതിക്കൂട്ടിലാവുകയാണ്. അന്നൊക്കെ ഭരണകൂടത്തിനെതിരേ സമരത്തിനു മുന്‍പന്തിയില്‍ നിന്ന പാര്‍ട്ടിയും മുന്നണിയും നയിക്കുന്ന സര്‍ക്കാരിന് ഈ കേസില്‍ ജനങ്ങളോട് മറുപടി പറയാനുള്ള ധാര്‍മിക ബാധ്യത കൂടുകയും ചെയ്യുന്നു.
ഭരണാധികാരികളിലാരെങ്കിലും നിയമത്തിന്റെ സാങ്കേതികതലത്തില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും ജനകീയ കോടതിയുടെ കണ്ണില്‍ സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ തന്നെയാണിപ്പോള്‍. എന്നാല്‍, പ്രതിയോ സംശയിക്കപ്പെടുന്നയാളോ ഉടന്‍ തന്നെ കുറ്റവാളികളാകുന്നില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കേസിലെ പ്രതി സ്വപ്നയും ശിവശങ്കറുമൊന്നും കുറ്റവാളികളാണെന്നു പറയാന്‍ സമയമായിട്ടുമില്ല. ആരെയായാലും കുറ്റവാളികളായി പ്രഖ്യാപിക്കേണ്ടത് നീതിപീഠമാണ്. അതിന് ഇനിയും സമയമെടുത്തേക്കും. എന്നാല്‍, ഒരു ഭരണകൂടത്തെ കുറ്റവാളിയെന്ന് ജനകീയ കോടതി വിധിക്കാന്‍ ഇത്തരം നിയമസങ്കീര്‍ണതകളുടെ തടസമൊന്നുമില്ല.
തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെന്ന സുപ്രധാന ജനകീയ വിചാരണകള്‍ക്ക് അടുത്തെത്തി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സന്ദര്‍ഭത്തില്‍ നിരപരാധിത്വം തെളിയിക്കുകയെന്ന വലിയൊരു ബാധ്യത സര്‍ക്കാരിനുണ്ട്. തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ക്കപ്പുറം ജനതയ്ക്കു മുന്നില്‍ നിരപരാധിത്വം തെളിയിക്കുകയെന്ന ധാര്‍മിക ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ശിവശങ്കര്‍ അറസ്റ്റിലായതോടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഇടതുമുന്നണിക്കുമൊക്കെ വരുംദിവസങ്ങളില്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."