രാഹുലിന് ഉജ്ജ്വല സ്വീകരണം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്‌നേഹത്തിലൂടെ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണം.
മണ്ഡലത്തിന്റെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണയോഗങ്ങളിലും റോഡ് ഷോകളിലും ഇന്ന് പതിനായിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. ആദ്യ സ്വീകരണ കേന്ദ്രം കാളികാവിലായിരുന്നു. നാലു മണിയോടെ തുടങ്ങിയ റോഡ്‌ഷോക്കു മുമ്പായി രാഹുല്‍ പ്രവര്‍ത്തകരേ അഭിസംബോധനം ചെയ്തു.
വിവാദവിഷയങ്ങളെല്ലാം മാറ്റി നിര്‍ത്തി നന്ദി അറിയിച്ചു.
നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ കരുത്തുള്ള പ്രതിപക്ഷമായി നിലകൊള്ളുമെന്നും ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്‌നേഹത്തിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിന്റെ മാത്രമല്ല കേരളത്തിന്റെ ആകെ പ്രതിനിധിയാണ് താന്‍. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കാളികാവില്‍പറഞ്ഞു.
ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവില്‍ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങള്‍ റോഡ് ഷോയ്ക്ക് എത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ പ്രസംഗം.
നിലമ്പൂരിലെ റോഡ് ഷോ ചന്തക്കുന്നില്‍ നിന്നാരംഭിച്ചു. ചെട്ടിയങ്ങാടിയില്‍ സമാപിച്ചു. തുടര്‍ന്ന് എടവണ്ണയിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടെ പാതയോരത്തെ ചായക്കടയില്‍ കയറി രാഹുല്‍ ഗാന്ധി ചായയും കുടിച്ചു. പത്തുമിനുറ്റോളം ചായക്കടയില്‍ ചെലവഴിച്ചു.
ശനിയാഴ്ച വയനാട് ജില്ലയിലെ കല്‍പ്പറ്റ,സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, മണ്ഡലങ്ങളിലും ഞായറാഴ്ച രാവിലെ തിരുവമ്പാടി മണ്ഡലത്തിലെ അടിവാരത്തും മുക്കത്തും റോഡ് ഷോകളില്‍ രാഹുല്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."