കൊവിഡ് ബാധിതന്റെ മൃതദേഹമില്ലാതെ ശവപ്പെട്ടി കൈമാറി സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍
പനിയ്ക്ക് ചികിത്സയ്‌ക്കെത്തിയ പ്രിന്‍സ് തിങ്കളാഴ്ചയാണ് മരിച്ചത്
കൊച്ചി: മരണശേഷം കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം ബന്ധുക്കള്‍ക്ക് കൈമാറിയ സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കളുടെ പ്രതിഷേധം. കോതാട് തത്തംപള്ളി ജോര്‍ജ് സിമേന്തിയുടെ മകന്‍ പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമില്ലാതെ പെട്ടി മാത്രമാണ് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്നത്.
ചൊവ്വാഴ്ചയാണ് സംഭവം. പനിയ്ക്ക് ചികിത്സയ്‌ക്കെത്തിയ പ്രിന്‍സ് തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി. പ്രിന്‍സിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറുപേരാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയില്‍ എത്തിയത്. മൃതദേഹം വയ്ക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചതോടെ ആംബുലന്‍സില്‍ പെട്ടി കയറ്റിവച്ച് ചടങ്ങുകള്‍ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയില്‍ എത്തിച്ചു.
നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തിന്റെ മുഖം പ്രദര്‍ശിപ്പിക്കാന്‍ കഴിയും. മുഖം കാണാനായി പെട്ടിയുടെ മൂടി തുറന്നപ്പോഴാണ് ഉള്ളില്‍ മൃതദേഹമില്ലെന്ന് ബന്ധുക്കള്‍ക്ക് മനസിലാകുന്നത്. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അതേ ആംബുലന്‍സില്‍ ആശുപത്രിയിലെത്തി മൃതദേഹം കൈപ്പറ്റുകയും ചെയ്തു. അരമണിക്കൂറിനകം തന്നെ പ്രിന്‍സിന്റെ മൃതദേഹം പള്ളിയിലെത്തിച്ച് സംസ്‌കരിച്ചു.
വിഷയത്തില്‍ ആശുപത്രിക്കെതിരേ കടുത്ത പ്രതിഷേധത്തിലാണ് ബന്ധുക്കള്‍. ആരോഗ്യവകുപ്പിന് പരാതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, ആശയക്കുഴപ്പം മൂലമാണ് വീഴ്ച ഉണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹം കൊണ്ടുപോയിട്ടില്ലെന്ന് മനസിലായതോടെ ഉടന്‍തന്നെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."