കെ.എസ്.ആര്‍.ടി.സിക്ക് ഉപകമ്പനി
കോഴിക്കോട്: തകര്‍ച്ച നേരിടുന്ന കെ.എസ്.ആര്‍.ടി.സിയെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാക്കാന്‍ ആക്ഷന്‍ പ്ലാനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കിഫ്ബി വഴി വാങ്ങുന്ന ബസുകളുടെ നടത്തിപ്പാനായി ഒരു പുതിയ ഉപ കമ്പനി ആരംഭിക്കും.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് എന്ന പേരിലറിയപ്പെടുന്ന കമ്പനിക്കാണ് ഇനി പുതിയ ബസുകളുടെയും ദീര്‍ഘദൂര സര്‍വിസുകളുടേയും ചുമതല.
2021 ജനുവരി 1 നാണ് സ്വിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരിക്കും സ്വിഫ്റ്റിന്റേയും എക്‌സ് ഒഫിഷ്യോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. ഉപകമ്പനിക്ക് പ്രധാനമായും രണ്ട് ചുമതലകളാണ് ഉണ്ടായിരിക്കുക. കിഫ്ബിയില്‍നിന്ന് എടുക്കുന്ന കടം യാഥാ സമയം തിരിച്ചടക്കുകയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു കെ.എസ്.ആര്‍.ടി.സി എടുക്കുന്ന കടം തിരിച്ചടയ്ക്കാന്‍ കമ്പനിയെ സഹായിക്കുകയും ചെയ്യുക എന്നുള്ളതാണത്.
കിഫ്ബി സഹായം കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ അനുവദിച്ചിട്ടുള്ള 50 കോടി രൂപ ഉപയോഗിച്ച് പുതിയതായി 8 സ്ലീപ്പര്‍ ബസുകള്‍, 20 സെമീ സ്ലീപ്പര്‍, 72 എക്‌സ്പ്രസ് ബസുകള്‍ വാങ്ങും.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നവംബര്‍ മാസത്തില്‍ യൂണിയനുകളുമായി ചര്‍ച്ച ആരംഭിക്കും. പരിഷ്‌കണം നടപ്പിലാക്കുന്നതുവരെ സ്ഥിരം ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച 1500 രൂപ അടുത്ത മാസത്തിലെ ശമ്പളത്തില്‍ തന്നെ നല്‍കാനുള്ള ശ്രമം നടത്തി വരികയാണ്.
നിലവിലുള്ള ഓര്‍ഡിനറി ബസുകള്‍ എല്ലാം എല്‍.എന്‍.ജിയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ കിഫ്ബി ഉള്‍പ്പെയുള്ള ഏജന്‍സികളുമായി ആരംഭിച്ചു കഴിഞ്ഞു. വര്‍ക്ക് ഷോപ്പുകളുടെ നവീകരണത്തിനായി ടെന്റര്‍ നടപടികള്‍ ആരംഭിച്ചു. ഒഫിസുകളിലെ കംപ്യൂട്ടറൈസേഷന്‍ നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
രണ്ടാം പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ നാല് ലാഭ കേന്ദ്രങ്ങള്‍ നിലവില്‍ വരും. ഇപ്പോഴുള്ള മൂന്ന് സോണുകളും, സ്വിഫ്റ്റും ആയിരിക്കും നാല് ലാഭകേന്ദ്രങ്ങള്‍. 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ഉള്ളവരെ കെ.എസ്.ആര്‍.ടിസിയില്‍ സ്ഥിര നിയമനം നടത്തുന്നതിന് വേണ്ടിയുള്ള നിയമോപദേശം തേടിയുണ്ട്. അതുലഭിക്കുന്ന വിധം തുടര്‍നടപടികള്‍ സ്വീകരിക്കും. എന്നാല്‍ 10 വര്‍ഷത്തില്‍ താഴെയുള്ള എംപാനല്‍ ജീവനക്കാരെയാകും സ്വിഫ്റ്റില്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."