തെരഞ്ഞെടുപ്പ് തിരിച്ചടി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാത്തതിന്റെ ഫലമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളി സി.പി.എം പി.ബി
ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കാതെ പോയതാണെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാട് സി.പി.എം പോളിറ്റ് ബ്യൂറോ തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന സീറ്റുകളില്‍ പോലും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍ സംസ്ഥാന സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് പി.ബി തള്ളിയത്.
പൊതു തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ബംഗാള്‍, കേരളാ, ത്രിപുര ഘടകങ്ങളിലെ സംസ്ഥാന സമിതികള്‍ അംഗീകരിച്ച റിപ്പോര്‍ട്ടുകളാണ്. ബംഗാളിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ആദ്യ ദിവസം തന്നെ ശക്തമായ വിമര്‍ശനമാണ് കേന്ദ്ര കമ്മിറ്റിയിലുണ്ടായത്. തിരിച്ചടിക്ക് കാരണമായി കോണ്‍ഗ്രസ് സഖ്യനീക്ക പരാജയത്തെ ചൂണ്ടിക്കാണിക്കാനാവില്ലെന്ന് കേന്ദ്ര കമ്മിറ്റിയും നിലപാടെടുത്തതോടെ സി.സിയിലും ബംഗാള്‍ ഘടകം ഒറ്റപ്പെട്ടു. എന്നാല്‍ ബി.ജെ.യിലേക്ക് ഒഴുകിയ അനുഭാവി വോട്ടുകള്‍ ആരുടേയും കുത്തകയല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം.
അതേസമയം തിരിച്ചടി ഒറ്റപ്പെട്ട സംഭവമായാണ് കേരളാ ഘടകത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ തലത്തിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉപതെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നാണ് സംസ്ഥാന ഘടകം നല്കുന്ന ഉറപ്പ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച എം.എല്‍.എമാര്‍ രാജിവയ്ക്കുന്നതോടെ വൈകാതെ കേരളം ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."