യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം: ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ നേമം പോലിസ് സ്റ്റേഷനില്‍വച്ച് മര്‍ദ്ദിച്ചെന്ന പരാതി ഗൗരവമായി കണ്ട് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ലോക്കപ്പ് മര്‍ദ്ദനം അംഗീകരിക്കുന്നില്ല.
മര്‍ദ്ദനത്തിനിരയായി എന്നു പറയുന്ന യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം പ്രസിഡന്റ് ഷജീറിന്റെ പരാതിയിന്മേല് അന്വേഷിച്ച് റിപോര്‍ട്ട് നല്കാന് ഡിസിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളായണിയിലെ ഒരു കരാറുകാരന്റെ കീഴില്‍ അലങ്കാരജോലികള്‍ ചെയ്തുവരുന്ന അനീഷും ശ്രീജിത്ത് എന്നയാളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സിപിഒ അജയകുമാര്‍ ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു.
ഈ സമയം അവിടെയെത്തിയ ഷജീര്‍ ശ്രീജിത്തിനെ സ്റ്റേഷനില്‍ വിളിപ്പിച്ചതിനെച്ചൊല്ലി പോലിസുമായി വാക്കേറ്റമുണ്ടാവുകയും സ്റ്റേഷനിലെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഈ ഇനത്തില്‍ 1500രൂപ നഷ്ടമുണ്ടാക്കി. ഷജീറിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സി.പി.ഒ അജയകുമാര്‍ ശാന്തിവിള ആശുപത്രിയില്‍ ചികില്സിയിലാണെന്നും പിണറായി പറഞ്ഞു.
അതേസമയം എസ്.ഐ. സമ്പത്ത് കൃഷ്ണന് കോണ്‍ഗ്രസ് അനുഭാവികളോട് മോശമായാണ് പെരുമാറുന്നതെന്നും പൊലിസിന്റെ മര്‍ദ്ദനത്തില്‍ ലൈംഗികാവയവത്തിന് പരിക്കേറ്റ ഷജീറിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."