കോടികള്‍ ഒഴുകിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെലവിട്ടത് 60,000 കോടി രൂപയ്ക്കു മുകളിലാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ അതേപോലെ നിലനിര്‍ത്തണമെങ്കില്‍ മുതലാളിത്ത രാഷ്ട്രമായ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ കോടികള്‍ ചെലവാക്കണമെന്ന് വരുന്നത് കഷ്ടംതന്നെ. 2016ല്‍ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ചെലവഴിച്ചത് 40,000 കോടിക്കു താഴെയാണ്. നമ്മുടെ ജനാധിപത്യം എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ചെറിയ ഒരു അടയാളവും കൂടിയാണിത്.
ഇന്ത്യയിലെ വിവിധ പാര്‍ട്ടികളാണ് ഇത്രയും കോടികള്‍ തെരഞ്ഞെടുപ്പില്‍ വെള്ളംപോലെ ഒഴുക്കിയത്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മറ്റ് ഏതിലുമെന്നത്‌പോലെ ബി.ജെ.പിതന്നെ. 27,000 കോടിയാണ് അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചത്. ഈ പണം എവിടെനിന്ന് കിട്ടി എന്നതിന് ഉത്തരമില്ല. കോണ്‍ഗ്രസാകട്ടെ 8,000 കോടിക്കു താഴെ മാത്രമാണ് ചെലവാക്കിയത്. അതിന്റെ ഫലം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ശവപ്പെട്ടികളിലും മീന്‍വണ്ടികളിലും ബസുകളിലും ഭക്ഷണപ്പൊതിയിലുമാണ് പണം കൈമാറിയത്. ആളുകളുടെയും ബൂത്തിന്റെയും പേരെഴുതിയ പണം നിറച്ച കവറുകളാണ് സമ്മതിദായകരെ തേടിച്ചെന്നത്. നേരത്തെ ഫ്രിഡ്ജും ടി.വിയും സാരിയുമായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പണം നേരിട്ടുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു.
ബി.ജെ.പിക്കു പണം കിട്ടാന്‍ യാതൊരു പ്രയാസവുമില്ല. കോര്‍പറേറ്റുകളും ശതകോടീശ്വരന്മാരും ഇപ്പോഴും ബി.ജെ.പിയുടെയും ബി.ജെ.പി ഭരണകൂടത്തിനന്റെയും പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയാണ്. ആഗോളീകരണത്തിനു ശേഷമാണ് ഇന്ത്യയില്‍ ബി.ജെ.പി വളരാന്‍ തുടങ്ങിയത്. ആഗോളീകരണം കുത്തക മുതലാളിമാര്‍ക്കാണ് ഗുണകരമായിത്തീര്‍ന്നത്. തൊഴില്‍ നിയമവും മുതലാളി-തൊഴിലാളി ബന്ധവും ആഗോളീകരണത്തെതുടര്‍ന്ന് ഇല്ലാതായി. മുതലാളിത്ത താല്‍പര്യ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിയായ ബി.ജെ.പിക്ക് കോര്‍പറേറ്റുകളുടെ അകമഴിഞ്ഞ സേവനം ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുകയായിരുന്നു. ലോകത്ത് വളര്‍ന്നുവരേണ്ടത് മുതലാളിത്ത- ഫാസിസ്റ്റ് ഐക്യമാണെന്ന് മുസോളനി നേരത്തെതന്നെ എഴുതിവച്ചിട്ടുണ്ട്. ബി.ജെ.പിക്ക് അത് മാര്‍ഗദര്‍ശകവുമായി.
കോര്‍പറേറ്റുകളെ അകമഴിഞ്ഞു സഹായിക്കുകയായിരുന്നു കഴിഞ്ഞ തവണത്തെ മോദി സര്‍ക്കാര്‍. അവരുടെ കോടികളുടെ കടമാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അതിന്റെ പ്രത്യുപകാരം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിക്കുകയും ചെയ്തു. 45 വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. മുതലാളിത്ത പ്രീണനമാണ് ഇതിന്റെ അടിസ്ഥാനം. ആകെ തെരഞ്ഞെടുപ്പ് ചെലവിന്റെ 45 ശതമാനമാണ് ബി.ജെ.പി ചെലവഴിച്ചത്. സുതാര്യവും ജനാധിപത്യ രീതിയിലുള്ളതുമായ തെരഞ്ഞെടുപ്പിന് ഇതു ഭീഷണിയാണ്. ബജറ്റില്‍ ഓരോ വകുപ്പിനും വകയിരുത്തിയതിനേക്കാള്‍ അധികം തുക ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ഇന്നലെ കുറ്റപ്പെടുത്തുകയുണ്ടായി.
2016ല്‍ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ അധികം കോടികളാണ് ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചെലവായതെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ബിസിനസ് മാധ്യമമായ ബ്ലൂബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ 40 ശതമാനം ആളുകളുടെ ദിവസ വരുമാനം മൂന്നു ഡോളര്‍ മാത്രമാണ്. അതായത് 250 രൂപയ്ക്കും താഴെ. ഈ അവസരത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരു വോട്ടര്‍ക്ക് വേണ്ടി ചുരുങ്ങിയത് എട്ടു ഡോളര്‍ ചെലവാക്കുന്നത്. 600 രൂപ ഓരോരുത്തര്‍ക്കുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെലവാക്കുന്നു എന്നര്‍ഥം. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തുവിട്ട വിവരമാണിത്.സോഷ്യല്‍ മീഡിയകളിലെ പ്രചാരണത്തിനു വേണ്ടി ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ കോടികളാണ് വെള്ളംപോലെ ഒഴുക്കിയത്. സൈബര്‍ പോരാളികള്‍ക്കു വേണ്ടിയായിരുന്നു ഇത്രയും തുക ചെലവാക്കിയത്. പ്രചാരണയാത്രയ്ക്കു വേണ്ടിയും പരസ്യങ്ങള്‍ക്കു വേണ്ടിയും വേറെയായും കോടികള്‍ ചെലവാക്കുകയുണ്ടായി. 50 ദശലക്ഷം രൂപയാണ് ബി.ജെ.പി സോഷ്യല്‍ മീഡിയയ്ക്കായി മാത്രം ചെലവാക്കിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ വെറും 2.5 ബില്യന്‍ ആയിരുന്നു ചെലവാക്കിയിരുന്നതെങ്കില്‍ ഈതവണ മൊത്തം 800 ബില്യന്‍ ഡോളറാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെലവാക്കിയത്.
കോര്‍പറേറ്റുകള്‍ക്കു പുറമെ അനധികൃത കള്ളപ്പണക്കാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയെ സഹായിക്കുന്നു. ഇതുവഴി ജനവിരുദ്ധ സ്ഥാനാര്‍ഥികള്‍ ജനകീയ സ്ഥാനാര്‍ഥികളുടെമേല്‍ വിജയം നേടുന്നു. അങ്ങനെ പാര്‍ലമെന്റ് കരിഞ്ചന്തക്കാരാലും കള്ളപ്പണക്കാരാലും നിറയുന്നു. ഇവരില്‍നിന്ന് തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഗുണകരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കവയ്യ.
1957ല്‍ ലോക്‌സഭയില്‍ ആദ്യമായി എത്തിയപ്പോള്‍ എ.കെ.ജിയുടെ പ്രതികരണം ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ കെണിയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് എന്നായിരുന്നു. എന്നാല്‍ ഇന്ന് കള്ളപ്പണക്കാരുടെയും ശതകോടീശ്വരന്മാരുടെയും കോര്‍പറേറ്റുകളുടെയും വലിയ കെണിയായി മാറിയിരിക്കുകയാണ് പാര്‍ലമെന്റ്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍തന്നെ എ.കെ.ജിക്ക് ഒരുകാര്യം വ്യക്തമായിരുന്നു. തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ ഇത്തരമൊരു പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിക്കുക വിഷമകരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘ ദര്‍ശനം. അത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും വലതുപക്ഷ പാര്‍ട്ടികളും കുത്തകകളും ചേര്‍ന്ന് തട്ടിയെടുത്തിരിക്കുകയാണ്. സാമ്പത്തിക നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. എന്നാല്‍ എന്തൊക്കെയാണ് തങ്ങളുടെ അധികാരമെന്ന് നിശ്ചയമില്ലാതെപോയ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനു കീഴിലായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."