പഴയങ്ങാടി റോഡില്‍ 'ട്രാഫിക് പൊലിസായി' ടാര്‍ വീപ്പകള്‍
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി ടാര്‍ വീപ്പകള്‍. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ടാര്‍ വീപ്പകളാണ് പ്രവൃത്തി കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ വാഹനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. വാഹനങ്ങള്‍ ടാര്‍ വീപ്പയില്‍ ഇടിക്കുന്നതും പതിവ് സംഭവങ്ങളാണ്. പിലാത്തറ റോഡ് നവീകരണ പ്രവൃത്തി ഭൂരിഭാഗവും പൂര്‍ത്തിയാക്കി റോഡ് സാധാരണ ഗതിയില്‍ വാഹനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. നവീകരണ പ്രവൃത്തികളുടെ ഭാഗമായി പിലാത്തറയില്‍ ദേശീയപാതയോട് ചേരുന്ന പിലാത്തറ ഭാഗത്ത് മെച്ചപ്പെട്ട പരിഷ്‌കാരങ്ങളും നടത്തിയിരുന്നു. എന്നാല്‍ തിരക്കേറിയതും എന്നും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുമായ പഴയങ്ങാടി റോഡില്‍ യാതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും കെ.എസ്.ടി.പി ഇനിയും ഒരുക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
പാപ്പിനിശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ റോഡില്‍ യാതൊരു നവീകരണവും നടത്താതെ രണ്ട് ടാര്‍ വീപ്പ റോഡില്‍ വച്ചാണ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. കവലയില്‍ ബസ് കാത്തുനില്‍ക്കാനോ ബസില്‍ സൗകര്യമായി കയറുന്നതിനാവശ്യമായ സൗകര്യമോ ഒരുക്കാത്തത് യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പഴയങ്ങാടി ജങ്ഷനില്‍ മെച്ചപ്പെട്ട നിലവാരത്തില്‍ റോഡില്‍ സര്‍ക്കിള്‍ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."