ശിവശങ്കറിനും സര്‍ക്കാരിനും ഇ.ഡിയുടെ ഇടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭരണ തുടര്‍ച്ച സ്വപ്നം കണ്ട സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനുമേല്‍ ഇ.ഡി മുറുക്കിയ കുരുക്ക്. നാല് വര്‍ഷത്തിലേറെക്കാലം സര്‍ക്കാര്‍ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായി നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ചയാണ് എം.ശിവശങ്കറിലൂടെ ഇപ്പോള്‍ കാണുന്നത്. പ്രളയവും നിപ്പയും കൊവിഡും പിണറായി വിജയനെന്ന മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെങ്കില്‍ സ്വര്‍ണക്കടത്ത് കേസില്‍ തന്റെ വിശ്വസ്തന്‍ പ്രതിസ്ഥാനത്തേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി മാത്രമല്ല സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായാണ് ശിവശങ്കര്‍ അറിയപ്പെട്ടിരുന്നത്. കേരള മുഖ്യമന്ത്രിമാരിലെ ഏറ്റവും കാര്‍ക്കശ്യക്കാരനായ പിണറായിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം. നളിനി നെറ്റോയും എം.വി ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താളം പതിയെ പതിയെ ശിവശങ്കറിന്റെ ഇംഗിതത്തിന് വഴിമാറി. സി.പി.എമ്മിലും സര്‍ക്കാരിലും ഒരുപോലെ അധീശത്വമുള്ള പിണറായി വിജയന്റെ സംരക്ഷണകവചം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും ശിവശങ്കറിനെ കാത്തു.
സഹപ്രവര്‍ത്തകരായ മന്ത്രിമാരെക്കാളും പാര്‍ട്ടിയെക്കാളും അരഡസനിലേറെയുള്ള ഉപദേശകരെക്കാളും പിണറായിക്ക് പ്രിയം ശിവശങ്കറിനെയായിരുന്നു. പ്രധാനഫയലുകളിലെല്ലാം തീരുമാനമെടുക്കും മുന്‍പ് മുഖ്യമന്ത്രി തേടിയിരുന്നത് ശിവശങ്കറിന്റെ ഉപദേശമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസം ഉറപ്പിച്ചതിനാല്‍ എല്ലാ വകുപ്പുകളിലും ശിവശങ്കര്‍ ഇഷ്ടം പോലെ ഇടപെട്ടു.
എല്ലാം തകര്‍ത്തുകൊണ്ടാണ് സ്വപ്ന വഴി സ്വര്‍ണക്കടത്ത് ആരോപണവും ശിവശങ്കറിലേക്ക് എത്തുന്നത്. കൊവിഡ് രോഗികളുടെ വിവരം കൈകാര്യം ചെയ്യാന്‍ സ്പ്രിംഗ്‌ളര്‍ എന്ന സ്വകാര്യ കമ്പനിയുമായി ഐ.ടി വകുപ്പ് ഒപ്പിട്ട കരാറാണ് ശിവശങ്കറിന് ആദ്യത്തെ അടിയായി മാറിയത്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ താല്‍പര്യമെടുത്ത് കരാറില്‍ ഒപ്പിട്ടു എന്ന വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ വിശ്വസ്തന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ പ്രതിരോധവുമായി രംഗത്ത് എത്തി. വിഷയത്തില്‍ ഇടഞ്ഞ ഘടകകക്ഷിയായ സി.പി.ഐയെ അനുനയിപ്പിക്കാന്‍ എം.എന്‍ സ്മാരകത്തില്‍ മുഖ്യമന്ത്രിയുടെ ദൂതനായി ശിവശങ്കര്‍ എത്തുകയും കാനം രജേന്ദ്രനെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു.
സ്പ്രിംഗ്‌ളര്‍ വിവാദം കത്തിത്തീരുന്നതിന് മുന്‍പാണ് ഇടതുസര്‍ക്കാരിനു മേല്‍ വൈറസ് ബാധപോലെ സ്വര്‍ണക്കടത്ത് കേസ് വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍ വഴി യു.എ.ഇ കോണ്‍സുലേറ്റിന്റെ മേല്‍വിലാസത്തില്‍ സ്വര്‍ണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും ഓളം സൃഷ്ടിച്ചു. കേസില്‍ സര്‍ക്കാര്‍ സ്ഥാപനമായ സൈബര്‍ പാര്‍ക്കിലെ പ്രധാനിയായ സ്വപ്ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കര്‍ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണ നിഴലിലായി. ശിവശങ്കറിനെ ഇനിയും തള്ളിപ്പറഞ്ഞില്ലെങ്കില്‍ പഴി തനിക്ക് കേള്‍ക്കേണ്ടിവരുമെന്ന് മനസിലായ മുഖ്യമന്ത്രി ഒടുവില്‍ വിശ്വസ്തനെതിരേ കടുത്ത നടപടികള്‍ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും എം.ശിവശങ്കര്‍ നീക്കം ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍.ഐ.എ എന്നീ അന്വേഷണ ഏജന്‍സികളുടെ പുലര്‍കാല കണിയായി മാറുകയായിരുന്നു കേരള സംസ്ഥാനത്തിന്റെ ഭരണം കൈകളില്‍ അമ്മാനമാടിയ ഉദ്യോഗസ്ഥ പ്രമുഖന്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ ദിനവും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സ്വപ്നയുമായി ചേര്‍ന്ന് ശിവശങ്കര്‍ നടത്തിയ അനധികൃത ഇടപാടുകള്‍ പലതും ഈ സമയത്ത് പുറത്തുവന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ നടുവേദനയുടെ മറവില്‍ സ്വകാര്യ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ ശരണം തേടി. മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ ഹൈക്കോടതി തള്ളിയത്. ഹരജി തള്ളി എന്ന വാര്‍ത്ത വന്ന് മിനിട്ടുകള്‍ക്കകം എന്‍ഫോഴ്‌സ്‌മെന്റ് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ എത്തി ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."