കൈക്കൂലി നല്‍കാത്തതിന് ഡെപ്യൂട്ടി റെയ്ഞ്ചറുടെ പീഡനം: മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നു
ഫൈസല്‍ കോങ്ങാട്
പാലക്കാട്: കൈക്കൂലി നല്‍കാത്തതിന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ വനംവകുപ്പോ ജില്ലാ ഭരണകൂടമോ ഇടപെടാത്ത സാഹചര്യത്തില്‍ വിഷയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് അട്ടപ്പാടി ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ശിവന്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് പീഡിപ്പിച്ചതായി അട്ടപ്പാടിയില്‍ മരകച്ചവടം ചെയ്യുന്ന അഗളി മാങ്ങാടന്‍കണ്ടിയില്‍ എം.കെ അശോകനും ലോറി ഡ്രൈവര്‍ മുഹമ്മദ് അലിയുമാണ് പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തെക്കുറിച്ച് പാലക്കാട് പ്രസ്‌ക്ലബില്‍ ഇരുവരും വാര്‍ത്താസമ്മേളനം നടത്തുകയും ഡി.എഫ്.ഒ, സി.സി.എഫ്, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടന ഇടപെടുന്നത്. എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ഇന്ന് അട്ടപ്പാടിയില്‍ പരാതിക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും.
പരാതിക്കാരായ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ദിവസം മുഴുവന്‍ ഭക്ഷണം നല്‍കാതെയും വസ്ത്രങ്ങള്‍ ഊരിമാറ്റിയും പീഡിപ്പിച്ചെന്നാണ് പരാതി. പേപ്പര്‍ കൊണ്ട് നഗ്നത മറച്ച് ലോക്കപ്പില്‍ ഇരിക്കുന്ന അശോകന്റെയും മുഹമ്മദലിയുടെയും വിഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. മോതിരവും ബെല്‍റ്റിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും റെയ്ഞ്ച് ഓഫിസര്‍ എടുക്കുകയും, തെളിവെടുപ്പ് എന്ന് പറഞ്ഞ് രണ്ട് ദിവസം വിലങ്ങ് വച്ച് നടത്തിയെന്നും 72 കാരനായ അശോകന്‍ പറഞ്ഞു.
കഴിഞ്ഞ മെയ് ഒന്നിന് അട്ടപ്പാടിയിലാണ് സംഭവം. ലോറിയില്‍ 16 മരങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പാസ് ആവശ്യമില്ലാത്ത വാകമരവും ഉണ്ടായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ച ആ മരത്തിന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ശിവന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ തയാറാവാത്തതിന് വനംവകുപ്പിന്റെ സ്ഥലത്ത് നിന്ന് മരം മുറിച്ചെന്ന് കള്ളകേസുണ്ടാക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 30 വര്‍ഷമായി അട്ടപ്പാടിയില്‍ താന്‍ മരകച്ചവടം ചെയ്തു വരുന്നുണ്ടെന്നും ഇതുവരെ ഒരു പെറ്റികേസ് പോലും തന്റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.
മരം കയറ്റാന്‍ വാഹനവുമായി പോയ തന്നെ കൈക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ക്കിടയില്‍ ഒരു പ്രകോപനമില്ലാതെയാണ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ നഗ്‌നാക്കി ഉപദ്രവിച്ചതെന്ന് ഡ്രൈവര്‍ മുഹമ്മദലി വ്യക്തമാക്കി. മുന്‍വൈരാഗ്യമുള്ള ആളെപ്പോലെയാണ് ഉദ്യോഗസ്ഥന്‍ പെരുമാറിയത്. പിടിച്ച് സെല്ലില്‍ ഇട്ടതിന് ശേഷം വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ചു മാറ്റി. ഓഫിസിലെ ഒരാള്‍ തന്ന പേപ്പര്‍ ഉപയോഗിച്ചാണ് നഗ്നത മറച്ചത്. തെളിവെടുപ്പിന് എന്ന പേരില്‍ കൈയാമം വച്ചാണ് കൊണ്ടുപോയത്. തന്റെ ജീവിതമാര്‍ഗമായ ലോറി ഉടന്‍ തിരിച്ച് ലഭിക്കാന്‍ നടപടി വേണമെന്നും മുഹമ്മദലി പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ ജില്ലയിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടി റെയ്ഞ്ചറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.
അടുത്തമാസം ജോലിയില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥനെ ബുദ്ധിമുട്ടിക്കരുതെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കാമെന്നുമാണ് അവരുടെ നിലപാട്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തുവരുന്നതെന്ന് വിളയോടി ശിവന്‍കുട്ടി സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."