മരുതുംതട്ടില്‍ മണ്ണൊലിപ്പ്: വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
ചെറുപുഴ: രാജഗിരി മരുതുംതട്ടില്‍ മണ്ണിടിച്ചിലുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പുളിങ്ങോം വില്ലേജധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരുമാസം മുന്‍പ് നടന്ന മണ്ണിടിച്ചിലിന്റെ വിവരം വെള്ളിയാഴ്ചയാണ് പുളിങ്ങോം വില്ലേജില്‍ ലഭിച്ചത്. വില്ലേജ് ഓഫിസര്‍ കെ.പി മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കൂറ്റന്‍ പാറക്കെട്ടിനടിയില്‍ നിന്ന് വന്‍തോതില്‍ മണ്ണൊലിച്ചു പോയതായി കണ്ടെത്തി.
ശക്തമായ കുത്തൊഴുക്കില്‍ കല്ലും മണ്ണും മരങ്ങളും ഉള്‍പ്പെടെ ഒഴുകിപ്പോയിരുന്നു. ഉരുള്പൊട്ടിയതാണോയെന്നും സംശയിക്കുന്നു. ഒരു മാസം മുന്‍പ് കനത്ത മഴയുള്ള സമയത്ത് രാജഗിരി ജോസ്ഗിരി മെയിന്‍ റോഡില്‍ മലവെള്ളത്തോടൊപ്പം മണ്ണും കല്ലും ഒഴുകിപ്പോയത് നാട്ടുകാര്‍ കണ്ടിരുന്നെങ്കിലും മലവെള്ളപ്പാച്ചിലാണെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞദിവസം വിറക് പെറുക്കാന്‍ പോയവരാണ് മണ്ണ് ഒലിച്ചുപോയത് കണ്ട് നാട്ടുകാര്‍ക്ക് വിവരം നല്‍കിയത്. മണ്ണ് ഒഴുകിപ്പോയതോടെ കൂറ്റന്‍ പാറ ഏത് സമയത്തും താഴേയ്ക്ക് ഉരുണ്ടു നീങ്ങാവുന്ന സ്ഥിതിയിലാണ്. പ്രദേശത്ത് ജനവാസം കുറവായതിനാല്‍ കാട് മൂടിയ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."