തീര്‍ഥാടകരുടെ ബാഗേജ് പരിശോധനയ്ക്ക് ആഭ്യന്തര ടെര്‍മിനലില്‍ പ്രത്യേക സൗകര്യം
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകരുടെ ബാഗേജുകളുടെ സുരക്ഷാ പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ മലപ്പുറം കലക്ടറേറ്റില്‍ നടന്ന ഹജ്ജ് അവലോകന യോഗത്തില്‍ തീരുമാനം. പിറ്റേന്ന് യാത്ര പോകേണ്ട തീര്‍ഥാടകരുടെ ലഗേജുകള്‍ തലേന്ന് രാത്രി തന്നെ വിമാനത്താവളത്തിലെത്തിച്ച് സുരക്ഷാ പരിശോധന നടത്തും. ആഭ്യന്തര ടെര്‍മിനലില്‍ രാത്രി 11 മണിക്ക് ശേഷം വിമാനങ്ങളില്ലാത്തതിനാല്‍ തിരക്കൊഴിഞ്ഞ നേരത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കാനാവും. ഹജ്ജ് വിമാനങ്ങള്‍ രാവിലെയാണ് പുറപ്പെടുന്നത്.ഒരാള്‍ക്ക് പരമാവധി 54 കിലോയാണ് കൊണ്ടു പോകാന്‍ അനുമതിയുള്ളത്.
കരിപ്പൂരിലെ ഹജ്ജ് ക്യാംപ് മികച്ച രീതിയില്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ക്യാംപ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഹോമിയോ വകുപ്പിന്റെ ഒരു മെഡിക്കല്‍ ടീമിനെയും ക്യാംപിന് സമീപം സജ്ജമാക്കും.
ഏറ്റവും കുടുതല്‍ ആളുകള്‍ ഹജ്ജ് ചെയ്യുന്ന മലബാര്‍ മേഖലയ്ക്ക് നാല് കൊല്ലത്തിന് ശേഷം തിരിച്ചു കിട്ടിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും യോഗത്തില്‍ പങ്കെടുത്ത ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.300 വളണ്ടിയര്‍മാര്‍ 24 മണിക്കൂറും ക്യാംപിനോടനുബന്ധിച്ച് ഓരോ ദിവസവും പ്രവര്‍ത്തിക്കും. ഹജ്ജ് യാത്രികര്‍ക്കുള്ള മൂന്നാഘട്ട പരിശീലനം ജൂണ്‍ ഒന്‍പത് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു, ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍, ഡിവൈ.എസ്.പി. എസ് നജീബ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, അംഗങ്ങളായ എച്ച് മുസമ്മില്‍ ഹാജി, പി.അബ്ദുറഹിമാന്‍ ഇണ്ണി, മുസ്‌ലിയാര്‍ സാജിര്‍, മുഹമ്മദ് കാസിം കോയ, ഹജ്ജ് അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍, എസ്.വി ഷിറാസ്, കോ ഓഡിനേറ്റര്‍ പി.കെ അസ്സൈന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."