അതുമിതും പുലമ്പുന്നതിന് പകരം രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോവുകയാണ്- ജംഗിള്‍ രാജ് പ്രയോഗത്തിന് മറുപടിയുമായി തേജസ്വി
പട്ന: തനിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജംഗിള്‍ രാജ് കാ യുവരാജ്' പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് പ്രധാന മന്ത്രി പറഞ്ഞിരുന്നെങ്കിലെന്ന് അദ്ദേഹം പ്രതികരിച്ചു.
അഴിമതി, ജോലി, കുടിയേറ്റ പ്രതിസന്ധി തുടങ്ങിയ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായാണ് ഇത്തരം പരാമര്‍ശങ്ങളെന്നും തേഡസ്വി യാദവ് ചൂണ്ടിക്കാട്ടി.
'അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന് എന്തും പറയാന്‍ കഴിയും, അതിനോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹം ബീഹാറിലെത്തി, ഒരു പ്രത്യേക പാക്കേജിനെ കുറിച്ചോ അല്ലെങ്കില്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്'- തേജസ്വി പറഞ്ഞു.
'ഇവര്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് (ബി.ജെ.പി). 30 ഹെലികോപ്റ്ററുകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ പ്രധാനമന്ത്രി ഇതുപോലെ സംസാരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് കാര്യം മനസിലാകും.
ദാരിദ്ര്യത്തെ കുറിച്ച് കര്‍ഷകരെ കുറിച്ച് തൊഴിലില്ലായ്മയെ കുറിച്ച് ഫാക്ടറികളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് അദ്ദേഹം പറഞ്ഞോ. ഇക്കാര്യങ്ങളൊക്കെയായിരുന്നില്ലേ അദ്ദേഹം വിഷയമായക്കേണ്ടിയിരുന്നത്. അല്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു പോകുകയാണോ വേണ്ടത്, തേജസ്വി യാദവ് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പെടെയുള്ള നേതാക്കള്‍ തേജസ്വി യാദവിനെ ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ ബി.ജെ.പി സഖ്യത്തിനുണ്ടാക്കുന്ന ആശങ്കയെയാണ് കാണിക്കുന്നതെന്ന് ആര്‍.ജെ.ഡി നേതാക്കള്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെയായിരുന്നു മോദിയുടെ 'ജംഗിള്‍ രാജ് കാ യുവരാജ്' പരാമര്‍ശം. തേജസ്വി യാദവിന്റെ മാതാപിതാക്കളായ ലാലു യാദവിന്റെയും റാബ്രി ദേവിയുടെയും 15 വര്‍ഷത്തെ ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ആ കാലഘട്ടത്തിലേക്ക് ഇനിയും ബീഹാറികള്‍ തിരിച്ചുപോകരുതെന്നും ജംഗിള്‍ രാജിന്റെ കിരീടാവകാശിയില്‍ നിന്ന് നിങ്ങള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നുമായിരുന്നു മോദി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."