പകര്‍ച്ച വ്യാധികള്‍; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ്
തിരുവനന്തപുരം: എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കില്‍ പോലും 20 മിനിറ്റ് തിളപ്പിച്ച് ഉപയോഗിക്കുക. കൈകള്‍ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക. ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ഭക്ഷണം പാഴാക്കരുത്.
ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്. ഈച്ച, എലി എന്നിവ പെരുകുന്നതിന് ഇത് കാരണമാകും. കിണറുകള്‍ ടാങ്കുകള്‍ എന്നിവ കൊതുക് കടക്കാത്ത വിധം വലകൊണ്ടും അടപ്പുകൊണ്ടും മൂടുക. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുക. ഡ്രൈ ഡേ ആചരിക്കുക. സ്വയം ചികിത്സ പാടില്ല. അസുഖങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുക.
തൊഴിലുറപ്പ് പദ്ധതി പ്രകാരം ശുചീകരണനിര്‍മാണ ജോലികള്‍ ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണം, കന്നുകാലി പരിപാലനം, കൃഷി തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവരും എലിപ്പനി ബാധക്കെതിരേ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."