വീണ്ടും വഴിത്തിരിവ്: ബാലഭാസ്കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുനെന്ന് തമ്പിയുടെ മൊഴി
കൊച്ചി: ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും വഴിത്തിരിവ്. വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശ് തമ്പി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ചിനോട് കടയുടമ മൊഴി നല്‍കിയത് വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് തമ്പി സമ്മതിച്ചു. വണ്ടി ഓടിച്ചത് താനാണെന്ന് അര്ജുന് പറഞ്ഞിരുന്നു. എന്നാല്‍ അര്ജുന് മൊഴി മാറ്റിയപ്പോഴാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സി.സി.ടി.വിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുനെ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും തമ്പി മൊഴി നല്കി. ബാലഭാസ്കറിനൊപ്പം രണ്ട് തവണയാണ് ദുബായില്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് ശേഷം കൃത്യമായി പണം തരും. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്കറുമായി ഇല്ലെന്നും തമ്പി മൊഴി നല്കി.
അതേസമയം, ഡ്രൈവര്‍ അര്ജുന് അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ അര്ജുന് അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്ജുന് നല്കിയ മൊഴി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാല്‍ പറ്റുന്ന സമാനമായ പരുക്കാണ് അര്ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്ജുന് ഉറച്ച് നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."