ചിലവന്നൂര്‍ കായല്‍ സര്‍വേ ആരംഭിച്ചു
കൊച്ചി: വേമ്പനാട് കായലിന്റെയും അതിന്റെ ഭാഗമായ ചിലവന്നൂര്‍ കായലിന്റെയും അതിര്‍ത്തി നിര്‍ണയിക്കാനുള്ള സര്‍വേ ആരംഭിച്ചു. ഇതു സംബന്ധിച്ച് ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സബ്കലക്ടര്‍ ഡോ അദീല അബ്ദുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. വേമ്പനാട്, ചിലവന്നൂര്‍ കായല്‍ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ നിലനിന്നിരുന്നു.
വേമ്പനാട് കായല്‍ കൈയേറ്റം സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത ഹരജിയില്‍ കായലിന്റെ സര്‍വേ നടത്തുമെന്ന് ജില്ലാ ഭരണകൂടവും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി സബ്കലക്ടറുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ചിലവന്നൂര്‍ കായല്‍ സര്‍വേ നടത്തണമെും മറ്റൊരു ഹരജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് മരട്, പൂണിത്തുറ, ഇളംകുളം വില്ലേജുകളില്‍പ്പെട്ട ചിലവന്നൂര്‍ കായലിന്റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള സര്‍വേ ആരംഭിച്ചത്.
കൊച്ചി, പറവൂര്‍, കണയന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട വേമ്പനാട് കായലിന്റെ സര്‍വേയും തുടര്‍ന്ന് നടക്കും. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് തയ്യാറാക്കിയ സ്‌കെച്ച് അനുസരിച്ചുള്ള ഹൈടൈഡ് ലൈന്‍, സര്‍വേ വകുപ്പു തയ്യാറാക്കു രേഖയുമായി എകോപിപ്പിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കാന്‍ യോഗത്തില്‍ സബ്കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ റീജിയണല്‍ ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ശോഭന, കേരളാ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രതിനിധി, സര്‍വേ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."