ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ജങ്ഷനുകളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
പൂച്ചാക്കല്‍: ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ജങ്ഷനുകളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പ്രധാന കവലകളില്‍ ഇരുവശങ്ങളിലുമുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കു മുന്‍പില്‍ ഒരേസമയം രണ്ടു ബസുകള്‍ നിര്‍ത്തുന്നത് അസൗകര്യവും അപകട സാധ്യതയേറുകയുമാണ്.
പള്ളിപ്പുറം, മാക്കേക്കവല, പൂച്ചാക്കല്‍ വടക്കേക്കര തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഇവിടങ്ങളില്‍ വശങ്ങളിലേക്കും പ്രധാന റോഡുകള്‍ കടന്നുപോകുന്നുതിനാല്‍ വാഹനങ്ങള്‍ തിരിഞ്ഞു പോകുന്നതിന് അസൗകര്യവും നേരിടുന്നു. രണ്ടു വാഹനങ്ങള്‍ ഒരേസമയം ഒരിടത്ത് അടുപ്പിച്ചു നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതോടെ അവിടെ തിരക്കേറുകയും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.
വശങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കും കടന്നു പോകാനും സാധിക്കില്ല. നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ബസുകള്‍ക്കിടെയിലൂടെ ഇരുചക്രവാഹനങ്ങള്‍ കയറിപ്പോകുന്നതും അപകടമുണ്ടാക്കുന്നുണ്ട്. ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ പള്ളിപ്പുറം കൃഷിഭവന്‍, പാണാവള്ളിയിലെ ഓടമ്പള്ളി, വീരമംഗലം, പെരുമ്പളം കവല, അരൂക്കുറ്റി മാത്താനം തുടങ്ങിയ കൊടും വളവുകളിലും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇരുവശത്തുമായി നിര്‍ത്തിയിടുന്നുണ്ട്. ഇതെല്ലാം അപകടങ്ങള്‍ക്ക് കാരണമാകും. റോഡിലെ വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പുനക്രമീകരിച്ചെങ്കിലും പ്രധാന വളവുകളില്‍ നിന്നും ജങ്ഷനുകളില്‍ നിന്നും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല.
അപകടസാധ്യതകള്‍ ഏറുന്ന ഇവിടങ്ങളില്‍ നിന്നും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പൊലിസ്- മോട്ടോര്‍വാഹന- പഞ്ചായത്ത് വകുപ്പ് അധികൃതര്‍ ആവശ്യമായ പഠനങ്ങള്‍ നടത്തി നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."