മുവാറ്റുപുഴയിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം വരുത്തുന്നതിനായി പദ്ധതികള്‍ക്ക് രൂപം നല്‍കി
മുവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം വരുത്തുന്നതിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇന്നലെ മുവാറ്റുപുഴ ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗത്തിലാണ് മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രമാക്കുന്നതിനായി വിവിധ പദ്ധതികളാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്. നിയോജക മണ്ഡലത്തില്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി പഞ്ചായത്തുകളില്‍ ഒരു സ്‌കൂളില്‍ കായീക പരിശീലനം ആരംഭിക്കും. ഇതിനായി സ്വന്തമായി ഗ്രൗണ്ടും ഭൗതീക സാഹചര്യവുമുള്ള സ്‌കൂളിനെയാണ് തെരഞ്ഞെടുക്കുക. മണ്ഡലത്തിലെ പലസര്‍ക്കാര്‍ സ്‌കൂളുകളുടെയും അവസ്ഥ ദയനീയമാണന്നും കഴിഞ്ഞ കാലങ്ങളിലെ ഭരണാധികരികള്‍ ഇതിനായി വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് സ്‌കൂളുകളുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സ്‌കൂളുകളിലെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ എം.എല്‍.എ പറഞ്ഞു.
ഇതിനായി പ്രധാന അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. യോഗത്തില്‍ എച്ച്.എം ഫോറം പ്രസിഡന്റ് സൈമണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ഡി.ഡി ഷൈന്‍മോന്‍, റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ഹയര്‍സെക്കണ്ടറി)മായ, ഡി.ഇ.ഒ ടി.വി രമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."