കേന്ദ്രസഹായം ആവശ്യപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച: പി.ജെ.ജോസഫ്
തൊടുപുഴ : നാല്‍പതിനായിരം കോടി രൂപ നഷ്ടം കണക്കാക്കിയിട്ടുള്ള പ്രളയക്കെടുതിക്ക് കേന്ദ്ര സഹായത്തിനായി ആവശ്യപ്പെട്ടിട്ടുള്ളത് നാലായിരത്തി എഴുന്നൂറ് കോടി രൂപയാണെന്ന് കാണുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി.
കേന്ദ്ര സഹായത്തിന് സ്‌പെഷ്യല്‍ പാക്കേജ് എന്ന ആവശ്യമാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നു വന്നത്. സംസ്ഥാന ഗവണ്‍മെന്റും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. വിശദമായ കണക്ക് തയ്യാറാക്കി കേന്ദ്രത്തോട് തുക ആവശ്യപ്പെടേണ്ടിയിരുന്നു.
മൃഗസംരക്ഷണം ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയ്ക്കും, റോഡുകള്‍ക്കും ഉണ്ടായിട്ടുള്ള കേടുപാടുകളും തകര്‍ച്ചയും കാര്യമായി ഉള്‍പ്പെടുത്താതെയാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് റവന്യു വകുപ്പിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ഗുരുതരമായ വീഴ്ചയാണ്. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കിലും അതിനു പറ്റാതെ ലഘൂകരിച്ച കണക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ പാക്കേജിനായി വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കണം.
എണ്‍പത്തി ഒന്‍പതിനായിരം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതില്‍ ആറു ശതമാനം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. മുഴുവന്‍ ഭക്ഷ്യധാന്യവും ഏറ്റെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."