ജനങ്ങള്‍ക്കൊപ്പം പൊലിസ് സേന ഉണ്ടാകും: എ.ഡി.ജി.പി ബി.സന്ധ്യ
അടിമാലി: ഇടുക്കിയിലെ പ്രളയ ഭൂമിയില്‍ പൊലിസ് സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എഡിജിപി ബി സന്ധ്യ. രക്ഷാപ്രവര്‍ത്തനമെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പൊലിസ് സാധ്യമായതെല്ലാം ചെയ്യുമെന്നും എ.ഡി.ജി.പി ബി വൃക്തമാക്കി.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു എഡിജിപി ബി സന്ധ്യ ഇടുക്കിയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുവാന്‍ അടിമാലിയിലെത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബുവും, അടിമാലി സി ഐ പി കെ സാബുവും ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരുമായി സന്ധ്യ അടിമാലിയില്‍ കൂടികാഴ്ച്ച നടത്തി.
അടിമാലി ഉള്‍പ്പെടുന്ന ദുരിത ബാധിത മേഖലകളില്‍ പൊലിസ് സേന നടത്തിയ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സേന നടത്തി വരുന്ന ഇടപെടലും ഉദ്യോഗസ്ഥര്‍ എഡിജിപിയെ ധരിപ്പിച്ചു. ഇനിയും നടത്താനാകുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബി സന്ധ്യ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് കത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എഡിജിപി സന്ദര്‍ശിച്ചു.ക്യാമ്പിലെത്തിയ എ.ഡി.ജി.പിയോട് ദുരിത ബാധിതര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.ക്യാമ്പിലെ പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ എഡിജിപി അടിമാലി സിഐക്ക് നിര്‍ദ്ദേശം നല്കി.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, പന്നിയാറുകുട്ടി മേഖലകളും എ.ഡി.ജി.പി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."