മലപ്പുറത്തിന്റെ പിറന്നാള്‍ ഖിസ്സ
അശ്‌റഫ് കൊണ്ടോട്ടി
'മലബാറിലെ ജില്ലകള്‍ പൊതുവെ വലുതാണ്. അതുകൊണ്ട് ജില്ലാ പ്രവര്‍ത്തനങ്ങള്‍ എത്ര തന്നെ കാര്യക്ഷമമാക്കണമെന്ന് അവിടത്തെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ജില്ലകളുടെ എണ്ണം കൂട്ടണം. പാലക്കാടും കോഴിക്കോടും ജില്ലകള്‍ വളരെ വലുതാണ്. ഇതിന് രണ്ടിനുമിടക്ക് ഒരു ജില്ല കൂടി സ്ഥാപിച്ചാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും' മലപ്പുറം ജില്ലയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി അന്നത്തെ മങ്കട എം.എല്‍.എയായിരുന്ന അഡ്വ. പി. അബ്ദുല്‍ മജീദ് നിയമസഭയില്‍ പറഞ്ഞ വാക്കുകളാണിത്.
മലപ്പുറം ജില്ല എന്ന ആശയത്തിന് ആദ്യം നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത് തിരുവനന്തപുരം സ്വദേശിയായ മുസ്‌ലിം ലീഗിലെ അഡ്വ. പി. അബ്ദുല്‍ മജീദായിരുന്നു. മജീദിന് കരുത്ത് പകര്‍ന്ന് എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളും, സി.എച്ച് മുഹമ്മദ് കോയ അക്കമുളളവരും രംഗത്ത് വന്നു. ഒടുവില്‍ മലപ്പുറത്തുകാരനായ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മലപ്പുറത്തെ ജില്ലയായി പ്രഖ്യാപിച്ചു. കേരളത്തിന്റെ പത്താമത്തെ ജില്ലയായി മലപ്പുറം പ്രഖ്യാപിക്കപ്പെടുമ്പോള്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ ജില്ലാവിരുദ്ധ സമിതി തെരുവിലിറങ്ങി. എന്നാല്‍ പടയോട്ടത്തിന്റെയും പടപ്പാട്ടിന്റെയും മണ്ണ് അവയെ അവഗണിച്ച് ഇന്നും മതേതര പാരമ്പര്യം കാത്ത് സൂക്ഷിച്ചു മുന്നേറുന്നു. കേരള നിയമസഭയിലും, ലോക്‌സഭയിലും ഇന്നും മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ശബ്ദമുയര്‍ത്തുന്നത്.
ജില്ലക്കെതിരെ ശബ്ദമുയര്‍ത്തി മിനി പാകിസ്താന്‍ എന്ന് പറഞ്ഞവരടക്കം പില്‍ക്കാലത്ത് മലപ്പുറത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതുന്നവരായി. മലപ്പുറത്തിന്റെ പിറവിയുടെ ഇന്നലെകളിലേക്കും ഇന്നിലേക്കും തിരിഞ്ഞു നോക്കുമ്പോള്‍ മതേതരത്തിന് അരക്കിട്ടുറിപ്പിച്ച മണ്ണാണ് മലപ്പുറം എന്ന് കാണാനാകും.
ജില്ലാ രൂപീകരണത്തിനായി പിന്നീട് അഹമ്മദ് കുരിക്കളുടെ കഠിന പ്രയത്ന്മായിരുന്നു. ജില്ലക്ക് വേണ്ടി അദ്ദേഹം ഒരു രൂപരേഖ തയ്യാറാക്കി. വികസനമെത്താത്ത സ്ഥലം ഉള്‍പ്പെടുത്തി ജനസംഖ്യയും വിസ്തീര്‍ണ്ണവും കണക്കാക്കി സമഗ്രമായ ജില്ലാ വിസകന രേഖയായിരുന്നുവത്. 1967 കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന മുസ്‌ലിം ലീഗ് സംസ്ഥാന സമ്മേളനത്തില്‍ സര്‍വ്വെ നടത്തി തയ്യാറാക്കിയ മലപ്പുറം ജില്ലാ രൂപരേഖ അഹമ്മദ് കുരിക്കള്‍ മുഖ്യവിഷയമായി അവതരിപ്പിച്ചു.
സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ചാക്കീരി അഹമ്മദ് കുട്ടി, കെ. അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയും മലപ്പുറത്തുകാരനുമായ ഇ.എം.എസിനും റവന്യൂ മന്ത്രിയായ കെ.ആര്‍ ഗൗരിയമ്മക്കും നല്‍കി. ഇതിനിടയില്‍ അഹമ്മദ് കുരിക്കള്‍ രോഗശയ്യയിലായി. അന്നേരം സന്ദര്‍ശിക്കാനെത്തിയ ഇ.എം.എസിനോട് അദ്ദേഹത്തിന് ആവശ്യപ്പെടാനുണ്ടായിരുന്നതും മലപ്പുറം ജില്ലാ രൂപീകരണത്തെപ്പറ്റിയായായിരുന്നു. എന്നാല്‍ ജില്ലാ രൂപീകരണ പ്രഖ്യാപനം കേള്‍ക്കും മുന്‍പേ അഹമ്മദ് കുരിക്കള്‍ മണ്‍മറഞ്ഞിരുന്നു.
പശ്ചിമഘട്ടവും അറബിക്കടലും ചാലിയാറും കുന്തിപ്പുഴയും അതിരിട്ട് കോഴിക്കോട്- പാലക്കാട് ജില്ലകള്‍ക്കിടയിലെ സ്ഥാലങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല ഇ.എം.എസ് പ്രഖ്യാപിച്ചു. ഒരു ജനതയെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിനിടെ പ്രതിഷേധങ്ങളുമുയര്‍ന്നു. കേരളത്തില്‍ മറ്റൊരു ജില്ല രൂപീകരിച്ചപ്പോഴും ഉണ്ടാവാത്ത പ്രതിഷേധത്തിനുള്ള ഒരൊറ്റ കാരണം, മലപ്പുറത്തെ ഭൂരിപക്ഷം മുസ്‌ലിംകളായിരുന്നു എന്നതായിരുന്നു. എന്നാല്‍ ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, മോയീന്‍കുട്ടി വൈദ്യരും ആലിമുസ്‌ലിയാരും മമ്പുറം തങ്ങളും വാണ മണ്ണ് മതേതരത്വത്തിന്റെതെന്ന് ദീര്‍ഘ വീക്ഷണമുളള നേതാക്കള്‍ക്ക് അറിയാമായിരുന്നു.
തിരുവനന്തപുരം സ്വദേശി കെ. ഭാസ്‌കരന്‍ നായരായിരുന്നു മലപ്പുറത്തിന്റെ ആദ്യ ജില്ലാകലക്ടര്‍. അദ്ദേഹം കലക്ട്‌റേറ്റില്‍ പതാക ഉയര്‍ത്തി ചാര്‍ജ്ജെടുത്തു. കലക്ടര്‍ക്ക് കീഴില്‍ 12 ഉദ്യോഗസ്ഥരെയായിരുന്നു ആദ്യം നിയമിച്ചത്. ആദ്യത്തെ ശിരസ്തദാര്‍ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.കെ മുഹമ്മദായിരുന്നു. അദ്ദേഹം കൊണ്ടുവന്ന ഫയലിലാണ് ആദ്യം കലക്ടര്‍ ഒപ്പുവച്ചത്. ജില്ലക്കെതിരെയുളള സമരം കോട്ടപ്പടിയില്‍ പൊലിസ് തടഞ്ഞു. വിവിധ ദേശക്കാരും ഭാഷക്കാരും സമരത്തില്‍ പങ്കെടുത്തിരുന്നു. ആഘോഷങ്ങള്‍ കുറച്ചിരുന്നുവെങ്കിലും വലിയ ജനക്കൂട്ടം ജില്ലാ രൂപീകരണത്തിന് സാക്ഷിയായി.
കാലാന്തരത്തില്‍ മലപ്പുറവും മറ്റു ജില്ലയ്‌ക്കൊപ്പം ഇടംപിടിച്ചു. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ മലപ്പുറത്തിനൊപ്പം വളര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ജില്ലയാണ് മലപ്പുറം. ആയതിനാല്‍ തന്നെ വിദ്യാഭ്യാസ രംഗത്തടക്കം മതിയായ സൗകര്യങ്ങളില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതലാണ് മലപ്പുറത്തെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ എണ്ണം. എന്നിട്ടും പഠിക്കാന്‍ മതിയായ വിദ്യാലയമോ, പ്ലസ്ടു സീറ്റുകളോ മലപ്പുറത്തില്ല. അധികാര വികേന്ദ്രീകരണം ശരിയായ രൂപത്തില്‍ നടപ്പിലാക്കണമെങ്കില്‍ ജില്ലക്ക് ഇനിയും വികസനമെത്തണം. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരും എം.പിമാരും വാഴുന്ന ജില്ലയുടെ വികസനം പിറകോട്ട് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."