ഭ്രാന്തമായ ബൈക്ക് യാത്രക്കെതിരേ പൊലിസ് മുന്നറിയിപ്പ്
കൊച്ചി: പൊതുവഴികളില്‍ നടത്തുന്ന ബൈക്ക് അഭ്യാസങ്ങള്‍ക്കെതിരേ പൊലിസ്. പൊലിസിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ബൈക്ക് അഭ്യാസം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
സുഹൃത്തുക്കള്‍ ഒത്ത് ചേരുമ്പോഴുണ്ടാകുന്ന ആവേശത്തില്‍ പൊതു നിരത്തില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മുടെ കഴിവായി സാമാന്യ ബുദ്ധിയുള്ളവര്‍ ഒരിക്കലും അംഗീകരിക്കില്ല. മറിച്ച് അതൊരു സാമൂഹിക വിപത്താണ്. പൊതു നിരത്തുകളില്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബൈക്ക് പറപ്പിക്കുന്ന ശബ്ദം ചെവിക്ക് അലോസരമല്ലാതെ ഒരു സുഖവും നല്‍കുന്നില്ല.
തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടയിലൂടെ, എല്ലാ ട്രാഫിക് നിയമങ്ങളും കാറ്റില്‍ പറത്തി, ഭ്രാന്തമായ ആവേശത്തില്‍ നടത്തുന്ന തലനാരിഴ പരീക്ഷണങ്ങളില്‍ പലപ്പോഴും രക്ഷപെടുന്നത് നമ്മുടെ കഴിവായി തോന്നുന്നുവെങ്കില്‍ വിഡ്ഢിയാകുന്നത് നമ്മളാണ്. എതിരേ വരുന്ന വാഹനങ്ങള്‍ അലക്ഷ്യമായും നിയമം ലംഘിച്ചും ഇക്കൂട്ടര്‍ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍, അയാളെപ്പോലെ ഒരു മാനസികരോഗിയാണെങ്കില്‍..? ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍, പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കള്‍ കൂടെയുണ്ടാവില്ല. കരയാന്‍ രക്ഷിതാക്കളും കൂടെപ്പിറപ്പുകളും മാത്രമേ ഉണ്ടാവൂവെന്നും പൊലിസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
മാതാപിതാക്കള്‍ക്ക് താങ്ങും, തണലുമാകേണ്ടവര്‍ അവരെ തീരാദുഃഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."