18200 പേര്‍ക്ക് ഗ്ലുക്കോമീറ്റര്‍ ലഭിക്കും
മുഹമ്മദലി പേലേപ്പുറം
മലപ്പുറം: പ്രമേഹ രോഗമുള്ള വയോജനങ്ങള്‍ക്കായി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വയോമധുരം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിന് സൗജന്യമായി ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഈ വര്‍ഷവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം 18200 പേര്‍ക്ക് ഗ്ലുക്കോമീറ്റര്‍ സൗജന്യമായി ലഭിക്കും.
സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററും സ്ട്രിപ്‌സും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗ്ലുക്കോമീറ്റര്‍ ലഭിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാന്‍ ഇവര്‍ക്ക് ലബോട്ടറികളില്‍ പോകേണ്ടി വരില്ല.
അറുപത് വയസ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് ഗ്ലുക്കോമീറ്റര്‍ അനുവദിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ ഏജന്‍സിയായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനെയാണ് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം അപേക്ഷ സ്വീകരിച്ച് ജില്ലാ സാമൂഹ്യനീതി ഓഫിസുകള്‍ മുഖേന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തിരുന്നു.
ഓരോ ജില്ലയില്‍ നിന്നും ആയിരം പേര്‍ക്കാണ് അന്ന് വിതരണം ചെയ്തത്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ധാരാളം അപേക്ഷകര്‍ ഇനിയും ബാക്കിയുള്ളതിനാലാണ് പദ്ധതി പ്രകാരം ഗ്ലുക്കോമീറ്റര്‍ വിതരണം തുടരുവാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചത്.
ജില്ലകളില്‍ ഗ്ലുക്കോമീറ്റര്‍ വിതരണത്തിനായി കഴിഞ്ഞ വര്‍ഷം ലഭ്യമായിരുന്ന അപേക്ഷകളില്‍ ബാക്കിയുള്ളത് ഇത്തവണ പരിഗണിക്കും. ജില്ലകളില്‍ നിന്നും ലഭ്യമായ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടങ്ങളായാണ് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്യുന്നത്.
ഒന്നാം ഘട്ടമായി വിവിധ ജില്ലകളിലായി 10390 എണ്ണവും രണ്ടാം ഘട്ടമായി 7810 എണ്ണവുമാണ് വിതരണം ചെയ്യുക. ഒന്നാം ഘട്ടം ആഗസ്റ്റ് 15നുള്ളിലും രണ്ടാം ഘട്ടം ഡിസംബര്‍ 15നുള്ളിലും പൂര്‍ത്തീകരിക്കും. തിരുവനന്തപുരം(2000), കൊല്ലം(1167), ആലപ്പുഴ(2277), എറണാകുളം(2000), കോട്ടയം(1606), ഇടുക്കി(1660), പത്തനംതിട്ട(696), പാലക്കാട്(1500), തൃശൂര്‍(1500), മലപ്പുറം(2000), കോഴിക്കോട്(973), കണ്ണൂര്‍(444), കാസര്‍കോട്(377) എന്നിങ്ങനെയാണ് ഓരോ ജില്ലകള്‍ക്കും ഗ്ലുക്കോമീറ്റര്‍ അനുവദിച്ചിട്ടുള്ളത്. 25 സ്ട്രിപ്പുകള്‍ ഉള്‍പ്പടെ 385 രൂപ വിലവരുന്ന ഗ്ലുക്കോമീറ്ററുകളാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ പ്രഥമ സ്ഥാനം കേരളത്തിനാണ്. സംസ്ഥാനത്തെ 80 ശതമാനം മുതിര്‍ന്ന പൗരന്‍മാരും പ്രമേഹ രോഗികളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി വകുപ്പ് 'വയോമധുരം' പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."