പ്രളയത്തില്‍ നിന്നും കനത്ത ചൂടിലേക്ക് ഇടുക്കി
തൊടുപുഴ: പ്രളയ ദുരിതത്തില്‍ നിന്നും മോചിതമാകുംമുമ്പേ ഇടുക്കി കനത്ത ചൂടിലേയ്ക്ക്. മഹാ പ്രളയത്തില്‍ ആകെയുള്ള മണ്ണും വീടും ഒലിച്ചുപോയ നൂറുകണക്കിനു പേരാണ് ഇപ്പോഴും ക്യാംപുകളിലും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്നത്. ഏക്കര്‍ കണക്കിനു കൃഷി ഒലിച്ചുപോയതോടെ എങ്ങിനെ ഇനി ജീവിക്കും എന്നറിയാത്ത നിരവധി കുടുംബങ്ങള്‍. ലക്ഷങ്ങള്‍ ലോണെടുത്ത് ചെയ്ത കൃഷിത്തോട്ടങ്ങള്‍ ഉരുള്‍ എടുത്തുകൊണ്ടുപോയി. ചിലര്‍ക്ക് വീടുണ്ട്, കൃഷിയില്ല. മറ്റ് ചിലര്‍ക്ക് കൃഷിയുണ്ട്, വീടില്ല. മഴയ്ക്കു ശേഷമെത്തിയ വെയില്‍ കടുത്ത ദുരിതവും ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.
ജലസ്രോതസ്സുകള്‍ വളരേ വേഗം വറ്റുകയാണ്. ഒപ്പം ഭൂമിക്ക് ചൂട് കൂടുകയും ചെയ്യുന്നു. ഇനിയും കരകയറാനുള്ള നടപടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുമില്ല. എല്ലാം നശിച്ചവര്‍ക്ക് കിടപ്പാടമെങ്കിലും ഒരുക്കുകയെന്ന പ്രാഥമിക പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടുക്കിയുടെ പച്ചനിറത്തിനു മുകളില്‍ ചുവപ്പു വരകളുണ്ടാക്കി ഉരുള്‍പൊട്ടിയപ്പോള്‍ ഒപ്പം ഒലിച്ചുപോയത് വര്‍ഷങ്ങളുടെ സമ്പാദ്യമാണ്. പ്രളയത്തില്‍ പെരിയാര്‍ പുതുവഴികള്‍ തേടിയപ്പോള്‍ ഇടുക്കി ചിന്നഭിന്നമായി. തിരിച്ചുവരവിന്റെ കാഴ്ചകളാണ് ഇടുക്കിയിലെങ്ങും. റോഡിനടിയിലൂടെ ഉരുള്‍പൊട്ടിയ ഭാഗത്തെല്ലാം കല്ലടുക്കി താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും റോഡ് അടര്‍ന്നു കുഴിയിലേക്കു പതിച്ചു. റോഡിന് ഇരുഭാഗത്തും ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍. ചെറുതോണി പട്ടണവും പതിയെ ജനത്തിരക്കിലേക്ക് എത്തുകയാണ്. ചെറുതോണി പാലത്തിനു വലതുഭാഗത്തുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡിന്റെ തെളിവ് നദിയില്‍ ചിതറിക്കിടക്കുന്ന കല്ലുകളാണ്. സ്റ്റാന്‍ഡും അതിനു മുകളിലുണ്ടായിരുന്ന തടയണയുമെല്ലാം ചെറുതോണി അണക്കെട്ടു തുറന്നുവിട്ടപ്പോള്‍ ഒഴുകിപ്പോയി. നദിയുടെ അരികിലുള്ള കെട്ടിടങ്ങള്‍ മിക്കതും തകര്‍ന്നു. ചില കെട്ടിടങ്ങള്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. ഇവിടെയുള്ളവരെല്ലാം ക്യാംപിലാണ്. വാഴത്തോപ്പ്, മണിയാറന്‍കുടി, ഉടുമ്പന്‍ചോല റോഡില്‍ പേപ്പാറ ഭാഗത്തെല്ലാം ഉരുള്‍പൊട്ടി വന്‍ നാശനഷ്ടമുണ്ട്. പെരിങ്കാലയിലെ റോഡരികില്‍ ഇരുവശത്തും റോഡില്‍നിന്നു മണ്ണു കോരി മാറ്റിയിട്ടിരിക്കുകയാണ്. റോഡിന് അഞ്ഞൂറു മീറ്റര്‍ മാറിയുള്ള വലിയ കുന്നിലാണ് ഉരുള്‍പൊട്ടിയത്.
ഉരുള്‍പൊട്ടുന്നതിനു മുന്‍പ് റോഡിനുതാഴെ വീടുകള്‍ക്കിടയിലൂടെ ചെറുതോടായിരുന്നു. ഇപ്പോഴതു പുഴ പോലെയായി. വീടുകളുണ്ടായിരുന്നിടം ശൂന്യം. വീടുണ്ടായിരുന്നു എന്നു തിരിച്ചറിയാന്‍ കമ്പുകള്‍ നാട്ടിയിരിക്കുന്നു. ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരെ സഹായിക്കാനുള്ള പദ്ധതികളുമായി സന്നദ്ധസംഘടനകളും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."