കട്ടപ്പുറത്താണ് സാര്‍... സഹായിക്കണം
തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവ് കാരണം ഷെഡ്യൂളുകള്‍ തുടര്‍ച്ചയായി മുടങ്ങുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി വിരമിച്ച ഡ്രൈവര്‍മാരുടെ സേവനം തേടുന്നു. ദിവസ വേതാനാടിസ്ഥാനത്തില് ഇവരെ നിയമിക്കാനാണ് കെ.എസ്.ആര്.ടി.സി ഒരുങ്ങുന്നത്.
60 വയസ് കഴിയാത്ത, കൃത്യമായ രീതിയില്‍ ഡ്രൈവ് ചെയ്യുന്ന ലൈസന്‍സുള്ള ഡ്രൈവര്‍മാരെ നിയമിച്ച് ഷെഡ്യൂളുകള്‍ മുടക്കം കൂടാതെ നടത്താന്‍ എല്ലാ യൂനിറ്റ് ഓഫിസര്‍മാര്‍ക്കും കോര്പറേഷന് മാനേജ്മെന്റ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എട്ട് മണിക്കൂര്‍ ജോലിക്ക് 500 രൂപയാണ് ഇവര്‍ക്ക് നല്‍കുക. 16 മണിക്കൂര്‍ നീളുന്ന ഡബിള്‍ ഡ്യൂട്ടിക്ക് 1,000 രൂപ വേതനം നല്‍കും. ജോലിക്ക് കയറുന്നതിന് സെക്യൂരിറ്റി തുകയൊന്നും കെട്ടിവയ്ക്കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പറേഷന്റെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുളള ചുമതലയും അതത് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ചെയിന്‍ സര്‍വിസുകള്‍ ആരംഭിക്കുകയും സ്കൂളുകള്‍ മധ്യവേനലവധിക്ക് ശേഷം തുറക്കുകയും ചെയ്തതോടെ ഡ്രൈവര്‍മാരില്ലാതെ ബുദ്ധിമുട്ടുകയാണ് കെ.എസ്.ആര്.ടി.സി. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ മതിയായ യോഗ്യതയുള്ള വിരമിച്ച ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനാണ് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."