'കാര്‍ ഓടിച്ചത് അര്‍ജുനെന്ന് ബാലഭാസ്‌കര്‍ മരിക്കുംമുന്‍പ് പറഞ്ഞു
തിരുവനന്തപുരം: അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ബാലഭാസ്‌കര്‍ ആശുപത്രി കിടക്കയില്‍ വച്ച് പറഞ്ഞതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍.
അപകടത്തില്‍ ശ്വാസകോശത്തിന് സാരമായി പരുക്കേറ്റതിനാല്‍ ബാലഭാസ്‌കറിന് ശബ്ദം പുറത്തുവരത്തക്കവിധം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അപകടത്തില്‍ പരുക്കേറ്റ് കിടന്ന ബാലഭാസ്‌കറിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഓര്‍മശക്തി പരിശോധിക്കാനായി അപകടത്തെപ്പറ്റി ചോദിക്കുന്നതിനിടെയാണ് ചുണ്ടുകള്‍ വ്യക്തമായി ചലിപ്പിച്ച് 'അപ്പു', 'അപ്പു' എന്ന് രണ്ടുതവണ പറഞ്ഞത്. അര്‍ജുന്റെ വിളിപ്പേരാണ് അപ്പു. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കാറോടിച്ചതാരെന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് നിര്‍ണായകമായ വിവരമാണ്.
അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവര്‍ത്തകനായ നന്ദുവും കാറോടിച്ചത് അര്‍ജുനാണെന്ന് വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ച ഫൊറന്‍സിക് വിഭാഗത്തിന് ഫൊറന്‍സിക് പരിശോധനയുടെ ഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തുനല്‍കിയിട്ടുണ്ട്. ഇതുകൂടി ലഭ്യമായശേഷമാകും അര്‍ജുനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."