സ്വപ്‌നം സാക്ഷാത്കരിച്ച് ദമ്പതികള്‍
ശ്രീകൃഷ്ണപുരം: മണ്ണില്‍ കൃഷിയുടെ പൊന്ന് വിളയിക്കുക എന്ന സ്വപ്നം സാക്ഷാല്‍കരിച്ച നിര്‍വൃതിയിലാണ് സ്വപ്ന -ജയിംസ് ദമ്പതികള്‍. 11 ഏക്കറില്‍ വ്യത്യസ്ത ഫലങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ കൃഷി ചെയ്ത് ജൈവ കൃഷിയില്‍ വിജയ ഗാഥ രചിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുര്‍ശ്ശി സ്വദേശികളായ ഇവര്‍ക്ക് മണ്ണില്‍ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും സ്വപ്ന സമാനമായ കൃഷിയുടെ വിജയ കഥകളാണ് പറയാനുള്ളത്. എല്ലാം ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കൃഷിയിടത്തില്‍ ഞാവല്‍, മരച്ചീനി, ജാതിക്ക, കാരറ്റ്, മുള്ളങ്കി, പപ്പായ തുടങ്ങി വിവിധ ഇനം വാഴകള്‍, വ്യത്യസ്ത തരം മാവുകള്‍ തുടങ്ങിയവയുടെ വൈവിധ്യ കൃഷി കലവറയും ഉണ്ട്.
പശു, മലബാര്‍ ആട് എന്നീ കന്ന് കാലികളെയും വളര്‍ത്തുന്നു. ഇതില്‍നിന്ന് ലഭിക്കുന്ന വളം കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവ കീടനാശിനി ഉപയോഗിച്ചാണ് കീടങ്ങളെ നിയന്ത്രിക്കുന്നത്. മണ്ണ് എപ്പോഴും നനയുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങളും ഉപയോഗിക്കുന്നു. മഴവെള്ളം സംഭരിച്ച് 4000 അടി വിസ്തൃതി ഉള്ള പോളി ബാഗിലേക്ക് മാറ്റി മത്സ്യ കൃഷിയും നടത്തുന്നു. മാലിന്യം ഉപയോഗിച്ച് കംപോസ്റ്റ് വളവും നിര്‍മിക്കുന്നു.
വേണ്ട വിത്തിനങ്ങളെല്ലാം മണ്ണുത്തി സര്‍വകലാശാലയില്‍നിന്നാണ് ലഭ്യമാകുന്നത്. വിത്തിന് ആവശ്യമുള്ളവര്‍ ഇവരുടെ വീടുകളിലും എത്തുന്നുണ്ട്. പാലിയേറ്റീവ്‌കെയര്‍, വൃദ്ധ മന്ദിരം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിത്ത് സൗജന്യമായും നല്‍കി ആതുര സേവന രംഗത്തും ഇവര്‍ മാതൃക കാട്ടുന്നു. ധനമന്ത്രി ഡോ. തോമസ് ഐസക്, പി.സി ജോര്‍ജ് ഇവരുടെകൃഷിയുടെ വിജയരഹസ്യം അറിയാന്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൊമേഴ്‌സ് ബിരുദധാരിയായ ജെയിംസും ഇംഗ്ലീഷില്‍ ബിരുദാദനന്തര ബിരുദമുള്ള സ്വപ്നയും ജൈവ കൃഷി പ്രോത്സാഹനത്തിന്റെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."