ഇടതുപക്ഷം ആത്മപരിശോധന നടത്തണം: മന്ത്രി രാമകൃഷ്ണന്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. എ.കെ.ജി ഹാളില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിലെ പരാജയം എന്‍.ജി.ഒ യൂനിയന്‍ പോലെ ഇടതുപക്ഷത്തുള്ള സര്‍വിസ് സംഘടനകളും പരിശോധിക്കണം. ഇടതുപക്ഷ രാഷ്ട്രീയം താഴേത്തട്ടിലെത്തിച്ച് ജനപിന്തുണ തിരിച്ചുപിടിക്കണം.തെരഞ്ഞെടുപ്പിലുണ്ടായത് താല്‍ക്കാലിക തിരിച്ചടിയാണ്. ഇടതുപക്ഷത്തിന്റെ മോദിവിരുദ്ധ പ്രചാരണത്തില്‍ നേട്ടംകൊയ്തത് യു.ഡി.എഫാണ്. ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
വന്‍ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ മൂന്നുവര്‍ഷം സംസ്ഥാനം കടന്നുപോയത്. പ്രളയവും നിപായും ഓഖിയും പോലെയുള്ള ദുരന്തങ്ങളുണ്ടായിട്ടും നാടിനെ കൈപിടിച്ചുനടത്താന്‍ ഇടത് സര്‍ക്കാരിനായി. ജീവനക്കാര്‍ക്കുള്‍പ്പെടെ നിരവധി ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍, ഇതൊന്നും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതെന്തുകൊണ്ടാണെന്ന് സംഘടനാതലത്തില്‍ പരിശോധിക്കണം.
ഇനിയുള്ള സമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകണ്ട് അവരുടെ ജനപിന്തുണ സര്‍ക്കാരിന് ഉറപ്പുവരുത്തുന്നതില്‍ യൂനിയന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ പ്രശാന്ത്, ആനാവൂര്‍ നാഗപ്പന്‍, ടി.സി മാത്തുക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."