അതിര്‍ത്തിയില്‍ കള്ളക്കടത്തു തടഞ്ഞ എസ്.ഐക്ക് സ്ഥലംമാറ്റം
പാലക്കാട്: കൊഴിഞ്ഞാമ്പാറ പൊലിസ് സ്റ്റേഷനില്‍നിന്ന് സ്ഥലംമാറ്റിയ എസ്.ഐ എസ്. സജികുമാറിനെ വീണ്ടും അതിര്‍ത്തിപ്രദേശമായ മീനാക്ഷിപുരം സ്റ്റേഷനിലേക്കു മാറ്റി. കൊഴിഞ്ഞാമ്പാറയില്‍നിന്ന് കോഴിക്കോട്ടേക്കാണ് മാറ്റിയത്. ജനകീയ ഇടപെടലിനെ തുടന്നാണ് വീണ്ടും കൊഴിഞ്ഞാപാറക്കടുത്തുള്ള മീനാക്ഷിപുരത്തേക്കു മാറ്റിയത്.
കടത്തുകാരില്‍നിന്ന് ഭരണകക്ഷിയിലെ ചില രാക്ഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് കിട്ടുന്ന മാമൂല്‍ ഇല്ലാതായതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് എസ്.ഐയെ മാറ്റിയത്. എന്നാല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഇദ്ദേഹത്തെ മാറ്റാന്‍ ചില ചരടുവലികള്‍ നടന്നിട്ടുണ്ട്. സര്‍ക്കാരിന് നികുതി വെട്ടിപ്പ് മൂലം കോടികളാണ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.
കര്‍ശന നടപടികളുമായി സംസ്ഥാന അതിര്‍ത്തിയില്‍ കള്ളക്കടത്തു സംഘത്തെ ഒതുക്കി ചെക്‌പോസ്റ്റ് വെട്ടിച്ചുവരുന്ന കള്ളക്കടത്തു വാഹനങ്ങള്‍ പിടികൂടുന്നതില്‍ മികവു തെളിയിച്ചിരുന്നു.
കഴിഞ്ഞ മാസം 22നാണ് കൊഴിഞ്ഞാമ്പാറ എസ്.ഐയായി എസ്. സജികുമാര്‍ ചുമതലയേറ്റത്. അതിര്‍ത്തി മേഖലയിലെ കള്ളക്കടത്തു തടയാന്‍ ലക്ഷ്യമിട്ടിറങ്ങിയ എസ്.ഐ ഇതിനകം ഇരുപതിലേറെ വാഹനങ്ങള്‍ പിടികൂടി. കോഴി കടത്തിയ 17 വാഹനങ്ങളും പെര്‍മിറ്റില്ലാതെ കല്ലും മറ്റും കടത്തിയ ടിപ്പറുകളുമാണ് പിടിച്ചെടുത്തത്. അനുവദിച്ചതിലും കൂടുതല്‍ ഭാരം കടത്തിയ വാഹനങ്ങളും പിടിയിലായി. 15 ദിവസത്തിനിടെ 10 ലക്ഷംരൂപയുടെ നികുതി വെട്ടിപ്പ് പിടിച്ച് സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും നേടി.
ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചു വാഹനങ്ങളില്‍നിന്ന് പണപിരിവു നടത്തുന്ന ഗുണ്ടാസംഘത്തിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഗോപാലപുരം ചെക്‌പോസ്റ്റില്‍ ഗുണ്ടാപിരിവു നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു. പരശിക്കല്‍ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിലെ ജീവനക്കാരെ ആക്രമിച്ച മൂന്നു പേരെ ഓടിച്ചിട്ടു പിടികൂടി റിമാന്‍ഡ് ചെയ്തു. കോഴി, കന്നുകാലികള്‍, കോഴിവളം, എം.സാന്റ്, കരിങ്കല്ല്, പാല്‍, സിമെന്റ്, കമ്പി തുടങ്ങി നികുതിവെട്ടിച്ചും അമിതഭാരം കയറ്റിയും വന്ന വാഹനങ്ങളെല്ലാം പിടിയിലായി.
വേലന്താവളം, കുപ്പാണ്ടകൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, ഒഴലപ്പതി തുടങ്ങിയ അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയസംഘങ്ങള്‍ പൊലിസ് നടപടി ശക്തമായതോടെ മാളത്തിലേക്ക് വലിഞ്ഞു തുടങ്ങി. ഗോപാലപുരം കേന്ദ്രീകരിച്ച് ചീട്ടുകളിയും കോഴിയങ്കവും നടത്തുന്നതിന് ചുക്കാന്‍പിടിച്ചിരുന്ന വ്യക്തിയാണ് കള്ളക്കടത്തുകാര്‍ക്കു വേണ്ടിയും സ്‌റ്റേഷനില്‍ കയറിയിറങ്ങിയിരുന്നത്.
ബൈക്ക് മുതല്‍ ലോറിവരെയുള്ള വാഹനങ്ങളാണ് കള്ളക്കടത്തിന് പിടിയിലാവുന്നത്. പിടിയിലാവുന്ന വാഹനങ്ങള്‍ കോടതി നടപടികളിലാവുന്നതില്‍ ചില നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. രാപ്പകല്‍ വ്യത്യാസമില്ലാതെ എസ്.ഐ റോഡിലിറങ്ങുന്നതും കള്ളക്കടത്തിന് തടസമാണ്. ഇതാണ് എസ്.ഐ സ്ഥലംമാറ്റാനുള്ള സമ്മര്‍ദത്തിനു പിന്നിലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."