പാര്‍ട്ടിയെ അനുയോജ്യമായ കൈകളില്‍ ഏല്‍പ്പിക്കണം: വീരപ്പമൊയ്‌ലി
ന്യൂഡല്‍ഹി: അധ്യക്ഷ പദത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത അനിശ്ചിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലി.
പാര്‍ട്ടി അധ്യക്ഷനില്ലാതെ ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ ഏറ്റെടുക്കണമെന്നും ഇനി അഥവാ സ്ഥാനം ഉപേക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പിക്കണമെന്നും വീരപ്പമൊയ്‌ലി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ കാര്യങ്ങള്‍ അവഗണിച്ച് പാര്‍ട്ടിയെ ഒരു കരക്കെത്തിക്കുകയാണ് വേണ്ടത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കില്‍ അനുയോജ്യനായ മറ്റൊരാളുടെ കൈയില്‍ പാര്‍ട്ടിയെ ഏല്‍പിച്ച ശേഷമാണ് അദ്ദേഹം പോകേണ്ടത്. ആ പോക്ക് ഒരിക്കലും കോണ്‍ഗ്രസിന്റെ ഐക്യത്തെയും സ്ഥിരതയെയും മന്ദഗതിയിലാക്കി കൊണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ കാര്യങ്ങള്‍ മന്ദഗതിയിലായാല്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അതിന് അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തനം മന്ദഗതിയിലായാല്‍ ഐക്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അത്തരത്തിലൊന്ന് സംഭവിക്കരുത്.
രാഹുല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരണം. ഇപ്പോള്‍ നിര്‍ണായക സമയമാണ്. അദ്ദേഹത്തിന്റേത് ദേശീയ ദൗത്യമാണ്. പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ടതും നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. പാര്‍ട്ടിയുടെ സ്ഥിരതയും ഐക്യവും നിലനിര്‍ത്തേണ്ടതുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.
നിശ്ചലാവസ്ഥയില്‍ തുടരുന്നത് കാരണം അവിടവിടെയായി ശബ്ദങ്ങളുയര്‍ന്നു തുടങ്ങി. പാര്‍ട്ടിക്ക് ഇതുപോലെ അലസമായി തുടര്‍ന്നുപോകാനാവില്ല. 1998ല്‍ സീതാറാം കേസരിയില്‍ നിന്ന് സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം പാര്‍ട്ടിയില്‍ ചെറിയ രീതിയിലുള്ള പിളര്‍പ്പു പോലുമുണ്ടായിട്ടില്ല. അത് ഇനിയും തുടര്‍ന്നു പോകേണ്ടതുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. കര്‍ണടകയിലെ ചിക്കബല്ലാപുരില്‍ നിന്ന് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
പാര്‍ട്ടി ഒരിക്കലും നിശ്ചലാവസ്ഥയിലാകരുത്. ഒന്നോ രണ്ടോ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നാല്‍ അതില്‍ തളര്‍ന്നുപോകരുത്. പരാജയത്തെ അതേ രീതിയില്‍ നേരിട്ട് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."