സ്പോൺസറുടെ വാക്ക് കേട്ട് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാൻ നിർബന്ധിതനായ മലയാളി നിയമക്കുരുക്കിൽ
ജിദ്ദ: സ്പോൺസറുടെ വാക്ക് കേട്ട് സഊദിയിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാൻ നിർബന്ധിതനായ മലയാളി നിയമക്കുരുക്കിൽ. ഒന്നര വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശി സതീന്ദ്രൻ (33) ആണ് ഇപ്പോൾ കോടതി കയറിയിറങ്ങുന്നത്.
സഊദിയിൽ എത്തിയ അന്നുതന്നെ വാഹനം ഓടിക്കാൻ വനിത സ്പോൺസർ സതീന്ദ്രനെ നിർബന്ധിക്കുകയായിരുന്നു. ലൈസൻസ് ഇല്ലാതെ താൻ വാഹനമോടിക്കില്ലെന്ന് അറിയുന്ന ഭാഷയിൽ പറഞ്ഞെങ്കിലും സ്പോൺസർ വഴങ്ങിയില്ല. ഒടുവിൽ തൊട്ടടുത്ത വീട്ടിലെ മലയാളിയായ ഡ്രൈവർ മുഖേനെ ഗൗരവം സ്പോൺസറെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും എന്തു പ്രശ്നം വന്നാലും ഏറ്റുകൊള്ളാമെന്ന് സ്പോൺസർ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇഖാമ ലഭിച്ചാൽ ഉടൻ ലൈസൻസ് ലഭിക്കുമെന്ന് സ്പോൺസർ പറഞ്ഞു പറ്റിക്കുകയായിരുന്നു. അങ്ങനെ ആറ് മാസത്തോളം ലൈസൻസ് ഇല്ലാതെ സതീന്ദ്രൻ വാഹനമോടിച്ചു. ഈ സമയത്താണ് സതീന്ദ്രന്റെ വാഹനത്തിന് പുറകിൽ മറ്റൊരു വാഹനം അമിത വേഗതയിൽ വന്നിടിച്ചു അപകടം സംഭവിക്കുന്നത്. ട്രാഫിക് പൊലീസും ഇൻഷുറൻസ് വിഭാഗവും അപകടസ്ഥലത്ത് എത്തുകയും പിന്നിൽ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകട കാരണമെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ രേഖകൾ പരിശോധിക്കുമ്പോൾ സതീന്ദ്രൻ ലൈസൻസ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം സതീന്ദ്രന്റെ പേരിൽ ചുമത്തുകയായിരുന്നു. അപകടത്തിൽപെട്ടതറിഞ്ഞ സ്പോൺസർ തന്റെ അറിവില്ലാതെയാണ് വാഹനമോടിച്ചതെന്ന് പറഞ്ഞു കൈയ്യൊഴിഞ്ഞു. കോടതി സതീന്ദ്രനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിറക്കി.
ഇതിനിടയിൽ സ്പോൺസർ ഹുറൂബാക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെയായ സതീന്ദ്രൻ സഹായത്തിനായി ഗൾഫ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഫെഡറേഷൻ അംഗം റാഫി പാങ്ങോട് വിഷത്തിൽ ഇടപെട്ട് നിയമക്കുരുക്കുകൾ ഒഴിവാക്കി കിട്ടാൻ സതീന്ദ്രനോടൊപ്പം ഇപ്പോൾ കോടതി കയറി ഇറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."