സുദാന്‍: പ്രതിപക്ഷ നേതാക്കളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു
ഖാര്‍ത്തൂം: എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സുദാന്‍ സുരക്ഷാസേന രണ്ടു പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. ഇരുവരും എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹ്മദുമായി കൂടിക്കാഴ്ച നടത്തിയ ഉടനെയായിരുന്നു നാടകീയമായി ഇവരെ അറസ്റ്റ് ചെയ്തത്. സൈനികത്തലവന് ലഫ്. ജന. അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി ചര്‍ച്ച നടത്തിയശേഷമാണ് അബീ അഹ്മദ് പ്രതിപക്ഷ നേതാക്കളെ കണ്ടത്. പ്രതിപക്ഷ നേതാവായ മുഹമ്മദ് എസ്മാത്ത്, വിമത സുദാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ്- നോര്‍ത്ത് (എസ്.പി.എല്‍.എം-എന്‍)നേതാവ് ഇസ്മാഈല്‍ ജലബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എത്യോപ്യന്‍ പ്രധാനമന്ത്രിയെ കണ്ട ഉടനെ വെള്ളിയാഴ്ചയാണ് എസ്മാത്തിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ജലബിനെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.പി.എല്‍.എം-എന്‍ വക്താവ് മുബാറക് ആര്ഡലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.പി.എല്‍.എം-എന്നിന്റെ ഉപനേതാവ് യാസിര്‍ അര്‍മാനെ നേരത്തെ ഖാര്‍ത്തൂമിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തലസ്ഥാനത്തെ സൈനിക ആസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് പതിനായിരങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്ന ഫ്രീഡം ആന്റ് ചെയിഞ്ച് സഖ്യത്തിന്റെ പ്രധാന നേതാക്കളാണ് പിടിയിലായ എസ്മാത്തും ജലബും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."