ദക്ഷിണേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വം പാകിസ്താന്: യു.എസ്
വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ പുറത്താക്കി ദക്ഷിണേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വം പാകിസ്താന് ആണെന്ന് അമേരിക്ക. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സമാധാനശ്രമങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്ന പശ്ചാത്തലത്തിലാണ് യു.എസിന്റെ പ്രസ്താവന. കശ്മിര്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ഇന്ത്യയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പാകിസ്താന്‍ തയാറാണെന്ന് ഇംറാന്‍ ഖാന്‍ മോദിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പട്ടിണിയില്‍ നിന്നു രക്ഷിക്കാനും മേഖലയുടെ വികസനത്തിനും തുറന്ന ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു.
അതേസമയം, ഭീകരതയും ചര്‍ച്ചയും ഒരേസമയം നടക്കില്ലെന്നു പറഞ്ഞ് പാകിസ്താന്റെ നിര്‍ദേശം ഇന്ത്യ തള്ളിയിരുന്നു. ഈ മാസം കിര്‍ഗിസ്താനില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ പദ്ധതിയില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."