മഴയ്ക്കായി ഉഡുപ്പിയില്‍ തവളക്കല്യാണം; 'വധൂ വരന്‍'മാരെ ഹണിമൂണിനു വിട്ടു
ഉഡുപ്പി: മഴലഭിക്കാനായി ഉത്തരേന്ത്യയില്‍ നടന്നുവരാറുള്ള തവളക്കല്യാണമെന്ന പതിവ് ആചാരവുമായി ഇത്തവണ ഉഡുപ്പിക്കാര്‍. ഉഡുപ്പി സിറ്റിസണ്‍ ഫോറം ആണ് തവളക്കല്യാണത്തിന്റെ (മണ്ഡുക കല്യാണോല്‍സവ്) സംഘാടകര്‍. ഇന്നലെ ഉച്ചയ്ക്ക് 12.05നായിരുന്നു മുഹൂര്‍ത്തം. പ്രത്യേക വാഹനത്തില്‍ നിരവധി പേരുടെ അകമ്പടിയോടെയാണ് രണ്ട് കൂടുകളിലായി 'വരന്‍' തവളയെയും 'വധു' തവളയെയും കല്യാണമണ്ഡപത്തിലെത്തിച്ചത്.
'വധൂ വരന്‍'മാര്‍ക്കായി സംഘാടകര്‍ പ്രത്യേക പേരും കണ്ടെത്തിയിരുന്നു, കല്‍സങ്കിന്റെ മകന്‍ വരുണ്‍ തവളയും കൊലാല്‍ഗിരി കിളിഞ്ചെയുടെ മകള്‍ വര്‍ഷ തവളയും. പിന്നീട് വരുണ്‍ തവളയുടെയും വര്‍ഷ തവളയുടെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ആരതി ഉഴിഞ്ഞ് മന്ത്രങ്ങള്‍ ഉരുവിട്ട് വധൂവരന്മാരെ നിരവധി പേര്‍ അനുഗ്രഹിച്ചു. ഇതും കഴിഞ്ഞ് സധ്യയും കഴിച്ചാണ് തവളക്കല്യാണത്തിനെത്തിയവര്‍ മടങ്ങിയത്. ചടങ്ങുകള്‍ക്ക് ശേഷം ഇരു തവളകളെയും ഒരു കൂട്ടിലാക്കി മഴക്കു വേണ്ടി പൂജയും പ്രാര്‍ഥനയും നടന്നു. ശേഷം 'വധൂ വരന്‍'മാരെ മണ്ണപ്പള്ളയിലേക്ക് ഹണിമൂണിനു വിട്ടു.
ഉഡുപ്പി നഗരത്തില്‍ കുടിവെള്ളമെത്തിച്ചിരുന്ന ബജി ഡാമിലെ വെള്ളം കൂടി വറ്റിയതോടെ പ്രദേശത്ത് കനത്ത വരള്‍ച്ച നേരിടുന്നതിനിടെയാണ് മഴയ്ക്കായി പ്രത്യേക ആചാരം നടന്നത്. നാട്ടിലെങ്ങും കനത്ത വരള്‍ച്ചയാണ്. പ്രതീക്ഷിച്ച മഴയും ലഭിക്കുന്നില്ല. സാധാരണ ഉത്തരേന്ത്യയിലാണ് തവളക്കല്യാണം പോലുള്ള ആചാരങ്ങള്‍ നടക്കാറുള്ളത്.
കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ മഴക്കു വേണ്ടി തവളക്കല്യാണം നടത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."